പ്രവാസി വിദ്യാര്‍ഥികള്‍ക്കാശ്വാസം, ദുബൈയിലും നീറ്റ് പരീക്ഷ കേന്ദ്രം , ഇന്നു മുതല്‍ അപേക്ഷിക്കാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസി വിദ്യാര്‍ഥികള്‍ക്കാശ്വാസം, ദുബൈയിലും നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ കുവൈത്തിലും കേന്ദ്രം അനുവദിച്ചിരുന്നു.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സൗകര്യം പരിഗണിച്ചാണ് ദുബൈ കേന്ദ്രം കൂടി അനുവദിച്ചതെന്നും ഇന്നു വെകുന്നേരം ഇന്ത്യന്‍ സമയം 5 മണി മുതല്‍ ആഗസ്ത് 6 രാത്രി 11.50 വരെ : https://neet.nta.nic.in/ എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും ആഗസ്ത് 7 രാത്രി 11.50 വരെ അപേക്ഷഫീസടക്കാമെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.
നീറ്റ് പരീക്ഷക്കായി മറ്റു കേന്ദ്രങ്ങള്‍ നേരത്തെ തെരഞ്ഞെടുത്തവര്‍ക്ക്് ദുബൈ കേന്ദ്രത്തിലേക്ക് മാറണമെങ്കില്‍ ആഗസ്ത് 8 മുതല്‍ 12 വരെയുള്ള കാലയളവില്‍ അപേക്ഷിക്കാമെന്നും നോട്ടീസില്‍ പറയുന്നു.
ഇന്ത്യയിലെ അംഗീകൃത മെഡിക്കല്‍ കോളേജുകൡ മെഡിസിനില്‍ ബിരുദപഠനത്തിന് പ്രവേശനം ലഭിക്കുന്നതിനുള്ള നാഷണല്‍ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് പരീക്ഷയാണ് നീറ്റ്് .
ഖത്തറിലും നീറ്റ് പരീക്ഷ കേന്ദ്രം വേണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ഇതുവരെയും സാക്ഷാല്‍ക്കരിക്കാനായിട്ടില്ല.