ഡോം ഖത്തര്‍ ഭാരവാഹികള്‍ മലപ്പുറം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഭാരവാഹികള്‍ മലപ്പുറം ജില്ലാ കലക്ടര്‍ പി ഗോപാലകൃഷ്ണന്‍ ഐഎഎസ് മായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ പ്രധാനപ്പെട്ട വിഷയങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞെന്ന് യോഗത്തില്‍ പങ്കെടുത്ത ഡോം ഖത്തര്‍ പ്രസിഡണ്ട് വി സി മശ്ഹൂദ് തിരുത്തിയാട്, രക്ഷാധികാരി അച്ചു ഉള്ളാട്ടില്‍ എന്നിവര്‍ പറഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് അനുഭാവപൂര്‍ണമായ പ്രതികരണമാണ് ജില്ലാ കലക്ടര്‍ പ്രകടിപ്പിച്ചത്.
പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം പ്രസിഡണ്ട് വി സി മശ്ഹൂദ് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
ഡോം ഖത്തറിന്റെ സ്‌നേഹോപഹാരം രക്ഷാധികാരി അച്ചു ഉള്ളാട്ടില്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
നാട്ടിലുള്ള പ്രവാസികള്‍ അനുഭവിക്കുന്ന വാക്‌സിനേഷന്‍ ലഭ്യതക്കുറവ്, ജോലി നഷ്ടപ്പെട്ടു, പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തുന്ന വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ പുനരധിവാസം, തൊഴില്‍ മേഖലയും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പ്രവാസികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പോര്‍ട്ടല്‍, മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്ലസ് ടു സീറ്റ് ലഭ്യതക്കുറവ് പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇതോടനുബന്ധിച്ച് തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കാം എന്നും തീരുമാനിച്ചതായി ഡോം ഭാരവാഹികള്‍ അറിയിച്ചു.