സെയ്‌ലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് പ്രതിരോധ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായ മൂന്ന് ദിവസത്തെ ശുചീകരണവും സാനിറ്റൈസേഷനും പൂര്‍ത്തിയാക്കി സെയ്‌ലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് മാര്‍ക്കറ്റില്‍ വിപുലമായ തോതില്‍ സാനിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയത്.
മാര്‍ക്കറ്റില്‍ നിലത്ത് സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ കാമറകള്‍ സ്ഥാപിച്ചതോടൊപ്പം സെക്യൂരിറ്റി ജീവനക്കാര്‍ ശരീരോഷ്മാവ് , ഇഹ് തിറാസിലെ പച്ച സ്റ്റാറ്റസ്, ഫേസ് മാസ്‌ക് എന്നിവ പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്.
വിവിധ ഭാഷകളിലായി ഇടവിട്ട് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അനൗണ്‍സ് ചെയ്യുന്നതിനുള്ള സംവിധാനവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരേ സമയത്ത് മാര്‍ക്കറ്റില്‍ എത്ര പേരുണ്ടെന്നറിയുന്നതിനുള്ള സൗകര്യമുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം അനുവദിച്ച പരിധി കഴിഞ്ഞാല്‍ പ്രവേശനം നിയന്തിക്കും.
വാരാന്ത്യങ്ങളില്‍ 3500 ഓളം പേര്‍ സന്ദര്‍ശിക്കുന്ന ഈ മാര്‍ക്കറ്റില്‍ മറ്റു ദിവസങ്ങളില്‍ 2000- 2200 പേര്‍ വരാറുണ്ടെന്നാണ് കണക്ക്.