ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോകുമ്പോഴുള്ള പി സി ആര്‍ ടെസ്റ്റ് ഒഴിവാക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ യാത്രയുടെ 72 മണിക്കൂര്‍ മുമ്പ് പി സി ആര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശം പുനപരിശോധിക്കണമെന്ന് ഖത്തറിലെ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.
2021 ഫെബ്രുവരി മാസം മുതല്‍ നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോക്കാള്‍ പ്രകാരം ഇന്നും ഗള്‍ഫില്‍ നിന്നടക്കം ഇന്ത്യയിലേക്കുള്ള യാത്രക്ക് മുമ്പും ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ എത്തിയ ശേഷവും പി സി ആര്‍ പരിശോധന നടത്തണം. ഇത് പ്രവാസികള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതാണ് . കോവിഡ് വ്യാപനം കുറഞ്ഞ ഖത്തര്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇളവ് അനുവദിക്കണം. ആഭ്യന്തര വിമാനസര്‍വീസുകളില്‍ കേന്ദ്രഗവണ്‍മെന്റ് പി.സി.ആര്‍. പരിശോധനക്ക് ഇളവ് നല്‍കിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.
കോവിഡിന്റെ രണ്ടാം വരവില്‍ ബ്രസീല്‍, യു കെ, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ വന്നവര്‍ മിഡില്‍ ഈസ്റ്റ് വഴി യാത്ര ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍, പിന്നീട് ലോകത്ത് ധാരാളം വകഭേദങ്ങള്‍ വരികയും വ്യാപകമായ വാക്‌സിനേഷനിലൂടെ മിക്ക വകഭേദങ്ങളേയും ലോകം അതിജീവിക്കുകയയും ചെയ്തു.
ഗള്‍ഫ് നാടുകളില്‍ ജനസംഖ്യയുടെ ഭൂരിഭാഗവും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും പല രാജ്യങ്ങളും ഏറെക്കുറെ സാധാരണ ഗതി പ്രാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ചവരുടെ കാര്യത്തിലെങ്കിലും പി. സി.ആര്‍ ടെസ്റ്റ് നിബന്ധന പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഗോവിന്ദും താനും കേന്ദ്ര ആരോഗ്യ മന്ത്രിക്കും ഖത്തര്‍ ഇന്ത്യന്‍ അംബാസിഡര്‍ക്കും കത്തെഴുതിയതായി അദ്ദേഹം പറഞ്ഞു.
കോവിഡ് ഭീഷണി രൂക്ഷമായ ഇന്ത്യയിലെ അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് പി.സി. ആര്‍ ടെസ്റ്റ് വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഗള്‍ഫ് പ്രവാസികളുടെ കാര്യത്തിലും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.