
ഖത്തര്‍ ജനസംഖ്യ 2016 ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യ 2016 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്ളാനിംഗ് ആന്റ് സ്റ്റാറ്റിക്സ് അതോരിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ വിശകലനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിന്റെ മുന്നോടിയായി പൂര്‍ത്തിയയാക്കിയ വന്‍കിട പദ്ധതികളിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ തിരിച്ചുപോയതും കോവിഡ് കാരണം പലര്‍ക്കും ഖത്തറിലേക്ക് തിരിച്ചുവരനാവാത്തതുമൊക്കെ ജനസംഖ്യ കുറയാന്‍ കാരണമാകാമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.
സ്റ്റേഡിയങ്ങളുടെ ജോലികള്‍ ഏറെക്കുറേ പൂര്‍ത്തിയായി കഴിഞ്ഞു. മെട്രോ പദ്ധതി വിജയകരമായി നടപ്പാക്കി. വന്‍കിട റോഡ് പദ്ധതിയായ സബാഹ് അല്‍ അഹ് മദ് കോറിഡോര്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഖത്തറില്‍ നടന്ന നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. ഈ പദ്ധതികളൊക്കെ പ്രവര്‍ത്തന സജ്ജമായതോടെ നിരവധി തൊഴിലാളികള്‍ തിരിച്ചുപോയതാകാം ഖത്തര്‍ ജനസംഖ്യയിലെ വന്‍ കുറവിന് കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
2016 ല്‍ രാജ്യത്തെ ജനസംഖ്യ 2326465 ആയിരുന്നു. പ്ളാനിംഗ് ആന്റ് സ്റ്റാറ്റിക്സ് അതോരിറ്റിയുടെ ജൂലൈ മാസത്തെ റിപ്പോര്‍ട്ടനുസരിച്ച് 2021 ജൂലൈയില്‍ രാജ്യത്തെ മൊത്തം ജനസംഖ്യ 2380011 ആണ് .
കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തര്‍ ജനസംഖ്യയിലെ കുറവ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. 2021 ജൂണില്‍ 290000 ന്റേയും മെയ് മാസം 180000 ആളുകളുടേയും കുറവാണ് റിപ്പോര്‍ട്ട് ചെയ്തത് .
ജനസംഖ്യ ഗണ്യമായി കുറയുന്നത് ഖത്തറിലെ വിവിധ ബിസിനസ് സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കും.