
മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ പറന്നത് ദോഹയിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ: കഴിഞ്ഞ മാസം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ പറന്നത് ദോഹയിലേക്ക്. എയര്‍പോര്‍ട്ട് ഇന്നലെ പുറത്തുവിട്ട ഡാറ്റയനുസരിച്ച് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ മാസം ഏകദേശം 41,410 യാത്രക്കാരാണ് ദോഹയിലേക്ക് പറന്നത്. മുംബൈ എയര്‍പോര്‍ട്ടിന്റെ ഏറ്റവും മികച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാറുകയാണ്. ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നത്.
യുഎസ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഈ മേഖലയിലെ ഏറ്റവും ഇഷ്ടപ്പെട്ട ട്രാന്‍സിറ്റ് എയര്‍പോര്‍ട്ടായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാറിയെന്നതും ശ്രദ്ധേയമാണ് .