ഖത്തറില്‍ ഇന്ന് 103 കോവിഡ് രോഗികള്‍, 78 പേര്‍ക്ക് രോഗമുക്തി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ നൂറിന് മുകളില്‍ തന്നെ. രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ എന്ന ട്രന്‍ഡും തുടരുകയാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19540 പരിശോധനകളില്‍ 29 യാത്രക്കാര്‍ക്കടക്കം 103 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 74 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുള്ളതാണ് .
78 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാര്യം. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1070 ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 7 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 58 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇന്ന് മൂന്ന് പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മൊത്തം 12 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലുളളത്.