Uncategorized

യൂത്ത് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : നാം കരുത്തരാവുക, കരുതലാവുക ക്യാമ്പയിനിന്റെ ഭാഗമായി ഖത്തറിലെ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ച യുവ പ്രതിഭകള്‍ക്കായി യൂത്ത്‌ഫോറം ഖത്തര്‍ ഏര്‍പ്പെടുത്തിയ യൂത്ത്എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു . സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കേരള പ്രസിഡന്റ് നഹാസ് മാള, യൂത്ത്‌ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്.എസ് മുസ്തഫ, സി.ഐ.സി പ്രസിഡന്റ് കെ.ടി അബ്ദുറഹ്മാന്‍, വിമന്‍ ഇന്ത്യ പ്രസിഡന്റ് നഹിയാ ബീവി എന്നിവരാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

വിദ്യാഭ്യാസ മേഖലയിലെ മികവിന് ഡോക്ടര്‍ രസ്‌ന നിഷാദ് , കരിയര്‍ മേഖലയിലെ മികവിന് ജസീം മുഹമ്മദ് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. കരിയര്‍ മേഖലയിലെ സേവനങ്ങള്‍ക്ക് ഫിറോസ് പി.ടി, ബസ്സാം കെ.എ എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരം കരസ്ഥമാക്കി.


കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിനിയായ രസ്‌ന നിഷാദ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ബയോടെക്‌നോളജിയില്‍ ബിരുദം നേടുകയും കോഴിക്കോട് എന്‍.ഐ.ടി യില്‍ ജൂനിയര്‍ റിസര്‍ച് ഫെല്ലോ ആയി ഗവേഷണം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് പ്രവാസിയായിരിക്കെ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബയോളജിക്കല്‍ ആന്‍ഡ് എന്‍വയോണ്മെന്റല്‍ സയന്‍സില്‍ പി.എച്.ഡി കരസ്ഥമാക്കി. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് വിശിഷ്ട വിദ്യാര്‍ത്ഥിക്കുള്ള സ്വര്‍ണ്ണ മെഡല്‍ നേടിയ രസ്‌ന ഖത്തറിലെ ഈത്തപ്പഴ തോപ്പുകളിലെ ഫങ്കസുകളെ കണ്ടെത്തുകയും അതിനുള്ള പ്രതിവിധി നിര്‍ദ്ദേശിച്ചതിന് അനുമോദനം നേടുകയും ചെയ്തു. വിവാഹവും കുടുംബവും പ്രവാസവും എല്ലാം സ്ത്രീ വിദ്യാഭ്യാസത്തിന് വിലങ്ങു തടിയാവുന്ന കാലത്തു ഡോക്ടര്‍ രസ്‌ന നിഷാദ് ഒരു മാതൃക ആണെന്ന് ജൂറി വിലയിരുത്തി.

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി ആയ ജസീം മുഹമ്മദ് എം.ബി.എ, ബി.ടെക്, ബി.ബി.എ ബിരുദധാരിയാണ്. 2014 – 2015 വര്‍ഷത്തില്‍ ഖത്തര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‌സില്‍ അംഗമായിരുന്നു. ക്യു.ഐ.ബി.സി ക്ക് കീഴിലുള്ള തിരഞ്ഞെടുത്ത ബിസിനസുകര്‍ക്കുള്ള പ്രോഗ്രാമിലേക്ക് അയ്യായിരത്തില്‍ പരം അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത് പേരില്‍ ഏക മലയാളി ആയിരുന്നു ജസീം മുഹമ്മദ്. ഇന്ത്യന്‍ കമ്യൂണിറ്റികളില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകള്‍ നടത്തുന്നുണ്ട് ജസീം മുഹമ്മദ്.

മലപ്പുറം കൊണ്ടോട്ടി സ്വദേശി ആയ ഫിറോസ് പിടി സിജി കരിയര്‍ വിങ് കോര്‍ഡിനേറ്റര്‍ ആയും കരിയര്‍ റിസോര്‍സ് പേഴ്‌സന്‍ ആയും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. നിരവധി വാര്‍ത്താ മാധ്യമങ്ങളില്‍ കരിയര്‍ കോളങ്ങളില്‍ നിറ സാന്നിധ്യമാണ് ഫിറോസ് പിടി.

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി സ്വദേശി ആയ ബസ്സാം ധാര്‍മ്മിക പലിശ രഹിത നിക്ഷേപങ്ങളെ കുറിച്ചു പഠനങ്ങള്‍ നടത്തുകയും സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ചു പൊതു ജനങ്ങള്‍ക്ക് അവബോധം നല്‍കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയും ചെയ്യുന്നു. എത്തിക്കല്‍ ഇന്വെസ്റ്റേഴ്സ് ക്ലബ്ബിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ബസ്സാം.

Related Articles

Back to top button
error: Content is protected !!