ഖത്തറിലെ ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ സ്മാര്‍ട്ട് മീറ്റര്‍ കാരണമല്ല, കഹ്‌റാമ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വൈദ്യൂതി നിരക്കില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഖത്തറിലെ ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ സ്മാര്‍ട്ട് മീറ്റര്‍ കാരണമല്ലെന്നും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) വ്യക്തമാക്കി.
നവംബര്‍ മാസത്തെ ഇലക്ട്രിസിറ്റി ബില്ലില്‍ വലിയ വര്‍ദ്ധനയുണ്ടെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളോടുള്ള പ്രതികരണമായാണ് കഹ്‌റാമ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
സ്മാര്‍ട്ട് മീറ്ററുകള്‍ നടപ്പാക്കിയതോടെ ഉപഭോക്താക്കളുടെ ഉപഭോഗത്തിന്റെ കൃത്യമായ റീഡിംഗുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനാലും നേരിയ വര്‍ദ്ധന കാുന്നത്. നേരത്തെ ശരാശരി ഉപഭോഗം നോക്കി ഏകദേശ കണക്കുകളെ ആശ്രയിച്ചാണ് പ്രതിമാസ ബില്ലുകള്‍ തയ്യാറാക്കിയിരുന്നത്. ആറ് മാസത്തിലൊരിക്കല്‍ കൃത്യമായ റീഡിംഗനുസരിച്ചുള്ള കണക്കുകള്‍ ശരിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സ്മാര്‍ട്ട് റീഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിലൂടെ ഓരോ മാസത്തേയും കൃത്യമായ റീഡിംഗ് അറിയാനാകുമെന്ന് കഹ്റാമ വ്യക്തമാക്കി.
ഖത്തറില്‍ സ്മാര്‍ട്ട് മീറ്റര്‍ സംവിധാനത്തിന്റെയും വൈദ്യുതി മീറ്ററുകള്‍ക്കായുള്ള ആശയവിനിമയ ശൃംഖലയുടെയും നിര്‍മാണം പൂര്‍ത്തിയായതായി കഹ്റാമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 600,000 സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയുടെ തന്ത്രപരമായ പദ്ധതി ലക്ഷ്യമിടുന്നത്.
2021 ജനുവരി മുതല്‍ കഹ്റാമ അതിന്റെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലില്‍ സാനിറ്റേഷന്‍ ചാര്‍ജുകള്‍ ചേര്‍ത്തിരുന്നു.
കഹ്റാമ നല്‍കുന്ന പ്രതിമാസ ജല ഉപഭോഗ ബില്ലിന്റെ 20 ശതമാനത്തിന് തുല്യമായിരിക്കും ശുചിത്വ ഫീസ്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) നല്‍കുന്ന ശുചിത്വ സേവനങ്ങള്‍ക്ക് കഹ്റാമയാണ് ഫീസ് ഈടാക്കുന്നത്.