ഖത്തറിനുള്ള സമര്‍പ്പണമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന് അഭിവാദ്യമര്‍പ്പിച്ച് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവല്‍ ഖത്തറിനുള്ള സമര്‍പ്പണമായി. ഖത്തറിലെ ഏറ്റവും വലിയ വിദേശി വിഭാഗം എന്ന നിലയില്‍ ഖത്തറിന്റെ അഭിമാനമുഹൂര്‍ത്തങ്ങളെ ആഘോഷമാക്കിയാണ് ഇന്ത്യന്‍ കാര്‍ണിവല്‍ അവിസ്മരണീയമാക്കിയത്. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക് എന്നിവയുമായി സഹകരിച്ചാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ കമ്മ്യൂണിറ്റി കാര്‍ണിവല്‍ സംഘടിപ്പിച്ചത്.
ഖത്തര്‍ ദേശീയ പതാകയുടെ പ്രതീകമായ മെറൂണ്‍, വെള്ള നിറങ്ങളിലുള്ള 365 ബലൂണുകള്‍ പറത്തിയും മാനത്ത് വിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും ചെണ്ട മേളവും സംഗീതവും, നൃത്തങ്ങളും തീര്‍ത്ത സര്‍ഗാവിഷ്‌ക്കാരത്തിന്റെ മനോഹര പശ്ചാത്തലത്തിലാണ് 2022 ഫിഫ ലോകകപ്പ് ഖത്തറിലേക്കുള്ള കൗണ്ട്ഡൗണിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 2022 നവംബര്‍ 21 മുതല്‍ നടക്കുന്ന മെഗാ കായികമേളയുടെ പിന്തുണയും ആഘോഷവുമാണ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നത്.
ലോകം ഒരു കുടുംബമെന്ന പുരാതന ഇന്ത്യന്‍ തത്വമായ വാസുദേവകുടുംബകം ഉയര്‍ത്തിപ്പിടിക്കാന്‍ സമൂഹത്തെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തത്. മാനവിക ഐക്യവും സൗഹോദര്യവും ഊട്ടിയറപ്പിക്കുന്നതില്‍കായിക ലോകത്തിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2022ലെ ലോകകപ്പ് വിജയകരമായ ആതിഥേയത്വത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയുടെ പ്രകടനമാണ് പരിപാടിയെന്ന് ചടങ്ങില്‍ സംസാരിച്ച അംബാസഡര്‍ മിത്തല്‍ പറഞ്ഞു.
‘ഇത് രാജ്യത്തിനും താമസക്കാര്‍ക്കും സുപ്രധാനമായ ഒരു അവസരമാണ്, ഏറ്റവും വലിയ സമൂഹമായതിനാല്‍, പ്രധാന ആഗോള കായിക ഇവന്റിന് ഞങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ സമൂഹം ഇവിടെയുണ്ട്. അറബ് കപ്പ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച ഏക അറബ് ഇതര സമൂഹം ഇന്ത്യയായിരുന്നു, ഇത് നമ്മുടെ രാജ്യത്തിന് വലിയ അംഗീകാരമാണ്. നമ്മുടെ രണ്ടാമത്തെ വീടായ നമ്മുടെ ആതിഥേയരാജ്യത്തെ പിന്തുണച്ച് ഇന്ത്യന്‍ സമൂഹം എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതിന്റെ പ്രകടനമാണ് ഈ കാര്‍ണിവല്‍, അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും 2022 ഫിഫ ലോകകപ്പ് ഖത്തറിനുള്ള സമൂഹത്തിന്റെ പിന്തുണ എടുത്തുപറയുകയും ചെയ്തു.
ഫുട്‌ബോള്‍ ആക്ഷന്‍ രംഗങ്ങളും സ്റ്റേഡിയങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോ ഖത്തര്‍ എനര്‍ജിയിലെ റിക്രിയേഷന്‍ മേധാവി ഖാലിദ് ഫഖ്റൂ പുറത്തിറക്കി. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഉള്‍പ്പെടെ വിവിധ സംഘടനകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ലോകകപ്പ് ആഘോഷിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന നിരവധി പരിപാടികളില്‍ ആദ്യത്തേതാണ് കാര്‍ണിവലെന്ന് ഡോ. തോമസ് പറഞ്ഞു. ”ലോകകപ്പിനെ ഹൈലൈറ്റ് ചെയ്യാനും അടുത്ത വര്‍ഷം മുഴുവന്‍ ആഘോഷിക്കാനും ഞങ്ങള്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ് . ഖത്തറിനെയും ലോകകപ്പിനെയും കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നടത്തും. കാമ്പെയ്നില്‍ ഖത്തറിനെയും അതിന്റെ വ്യതിരിക്ത സവിശേഷതകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിയിലെ പരമ്പരാഗത കേരളീയ താളവാദ്യ മേളം, ആയോധന കലാപ്രകടനം, മാജിക് ഷോ, സംഗീതം, നൃത്തം എന്നിവ കൂടുതല്‍ ശ്രദ്ധേയമായി. ആകര്‍ഷകമായ സമ്മാനങ്ങളുള്ള ഭാഗ്യ നറുക്കെടുപ്പുകളും കാര്‍ണിവലിന് മാറ്റു കൂട്ടി.