ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവലില്‍ അതിഥികളെ ഞെട്ടിച്ച ഫ്‌ളാഷ് മോബുമായി ഖത്തറിലെ ഒലിവ് സുനോ നെറ്റ് വര്‍ക്ക് ആര്‍.ജെ.കള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളിന്റെ വിശാലമായ മൈതാനത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ , 2022 ഫിഫ വേള്‍ഡ് കപ്പ്
കൗണ്ട് ഡൗണ്‍ ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവലില്‍ ഒലിവ് സുനോ നെറ്റ് വര്‍ക്ക് ആര്‍.ജെ.കള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് കാണികളെയും സംഘാടകരെയും അതിശയിപ്പിച്ചു.
ഇന്ത്യന്‍ അംബാസിഡര്‍ അടക്കമുള്ള അതിഥികള്‍ക്കിടയിലേക്കു ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ ആരവം തീര്‍ക്കും വിധത്തില്‍ കത്തിക്കയറിയ റേഡിയോ കലാകാരന്മാരുടെ മികച്ച പ്രകടനം ഗ്രൗണ്ടിലെ നിറഞ്ഞ സദസ്സിന്റെ കയ്യടി വാങ്ങി.
ഔദ്യോഗിക ചടങ്ങുകള്‍ കഴിഞ്ഞു ഒരുമിനിറ്റില്‍ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിലെ എല്ലാ ലൈറ്റുകളുമണഞ്ഞു. വേദിയാകെ ഇരുട്ട് നിറഞ്ഞപ്പോള്‍ സദസും വേദിയും ആദ്യം ഒന്ന് അമ്പരന്നു
എന്നാല്‍ പിന്നീട് വന്ന കാഹള ശബ്ദം എല്ലാരുടെയും ശ്രദ്ധ വേദിക്കരികിലേക്ക് അടുപ്പിച്ചു .
ലോകഫുട്‌ബോള്‍ ഗാനങ്ങളിലെ പ്രശസ്തമായ മൂന്നു ഗാനങ്ങള്‍ ക്രമമായി ഒരുക്കി അതിന്റെ പശ്ചാത്തലത്തില്‍ റേഡിയോ അവതാരകരും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ ചടങ്ങ് പ്രൗഢഗംഭീരമായി
ആര്‍.ജെ. ബോബി, ഷാഫി, അഷ്ടമി എന്നിവരായിരുന്നു ഫ്‌ളാഷ് മോബിനെ നയിച്ചത് .
വിഷ്ണു കലാക്ഷേത്ര നൃത്ത സംവിധാനം ചെയ്ത ഈ ഫ്‌ളാഷ് മോബ് ഇന്ത്യന്‍ കാര്‍ണിവലിനെ അവിസ്മരണീയമാക്കി .