
തൊഴിലാളികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ കമ്പനികള്‍ക്ക് 50 ശതമാനം ഇളവുകളുമായി ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : ഖത്തറിലെ തൊഴിലാളികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ കമ്പനികള്‍ക്ക് 50 ശതമാനം ഇളവുകള്‍ നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ യുണൈറ്റഡ് സര്‍വ്വീസ് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി അറിയിച്ചു. ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെ ഖത്തര്‍ പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് പരിഗണിച്ചാണ് തൊഴിലാളികളുടെ വിസ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത കമ്പനികള്‍ക്ക് 50 ശതമാനം ഇളവോട് കൂടി പ്രശ്‌നം പരിഹരിക്കാന്‍ ഇളവുകള്‍ നല്‍കുന്നത്.
തൊഴിലാളികള്‍ ഖത്തറിലെത്തിയാല്‍ 90 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റസിഡന്റ്‌സ് പെര്‍മിറ്റ് അടിക്കണമെന്നാണ് ഖത്തറിലെ നിയമം. ഈ നിയമം തെറ്റിച്ചവര്‍ക്കും വിസ കഴിഞ്ഞതിന് ശേഷം 90 ദിവസത്തിനകം വിസ പുതുക്കണമെന്ന നിയമം തെറ്റിച്ച കമ്പനികള്‍ക്കും പ്രതിധിന പിഴയായി വലിയ തുക വരാറുണ്ട്. ഈ തുകയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്.
രാജ്യത്തെ തൊഴിലാളികളുടെ വരവും പോക്കും നിയന്ത്രിക്കുന്ന 2015 ലെ നിയമമനുസരിച്ചാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. രാജ്യത്ത മുഴുവന്‍ കമ്പനികളേയും ജീവനക്കാരേയും നിയമവിധേയമാക്കുക എന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരീഡ് അനുവദിച്ചത്. ഗ്രേസ് പിരീഡ് പരമാവധി പ്രയോജനപ്പെടുത്തി പരമാവധി കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തണമെന്ന് ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി ആവശ്യപ്പെട്ടു.
യുണൈറ്റഡ് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള സര്‍വ്വീസ് സെന്ററുകള്‍ മുഖേനയാണ് ഇതിന് അപേക്ഷ സ്വീകരിക്കേണ്ടത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഉംസലാല്‍, ഉംസുനൈം, മിസൈമിര്‍, വക്‌റ, റയ്യാന്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സര്‍വ്വീസ് സെന്ററുകള്‍ മുഖേന ഉച്ചക്ക 1 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഈ രൂപത്തിലുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഡിസംബര്‍ 31ന് ഗ്രേസ് പിരീഡ് അവസാനിച്ച് കഴിഞ്ഞാല്‍ കണിശമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലഭിച്ച അവസരം സ്ഥാപനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.