ഖത്തറില്‍ ഇത് കോവിഡിന്റെ മൂന്നാം തരംഗം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിനാണ് നമ്മള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നും അതീവ ജാഗ്രതയോടെ പ്രതിരോധിക്കണണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ വകുപ്പ് മേധാവി ഡോ. സോഹ അല്‍ ബയാത്ത് അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വാക്‌സിനെടുത്തും ഫേസ് മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടക്കിടെ സാനിറ്റൈസ് ചെയ്തും കോവിഡ് പ്രതിരോധത്തില്‍ സമൂഹം സഹകരിക്കണം.
ഈ കഴിഞ്ഞ ആഴ്ചകളില്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുത്തിട്ടില്ലാത്തവരോ രണ്ടാം ഡോസ് വാക്‌സിനെടുത്ത്് 6 മാസം കഴിഞ്ഞവരോ ആയിരുന്നു. അതിനാല്‍ യോഗ്യരായവരൊക്കെ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണം.
വാക്‌സിന് ഗുരുതരമായ പാര്‍ശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വാക്‌സിന്‍ എടുത്തതിന്റെ പാര്‍ശ്വഫലങ്ങളുടെ ഫലമായി ആരും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടില്ലെന്നും അല്‍ ബയാത്ത് സ്ഥിരീകരിച്ചു.
കൊവിഡ് 19 ബാധിച്ച് ഖത്തറില്‍ കഴിഞ്ഞയാഴ്ച മരിച്ച രോഗികള്‍ വാക്‌സിന്‍ എടുക്കാത്തവരായിരുന്നു വെന്നും തീവ്രപരിചരണം ആവശ്യമുള്ള രോഗികള്‍ പോലും ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെന്നും അവര്‍ പറഞ്ഞു.
നേരിയ ലക്ഷണങ്ങളുള്ള രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല. പത്ത് ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയെന്ന് അല്‍ ബയാത്ത് നിര്‍ദേശിച്ചു.
റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് 80 ശതമാനം കൃത്യതയുള്ളതാണെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും അല്‍ ബയാത്ത് സ്ഥിരീകരിച്ചു.
അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകളില്‍ ഭൂരിഭാഗവും വാക്‌സിനെടുക്കാത്ത കുട്ടികളും വാക്‌സിനെടുത്ത്് 6 മാസം പിന്നിട്ടവരുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.