ആഭ്യന്തര മന്ത്രാലയത്തിന്റെ അല്‍ വക്ര സേവന കേന്ദ്രം 2021 ല്‍ ഒരു ലക്ഷത്തിലധികം സന്ദര്‍ശക വിസകള്‍ നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: 2021 ല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അല്‍ വക്ര സേവന കേന്ദ്രം മാത്രം ഒരു ലക്ഷത്തിലധികം സന്ദര്‍ശക വിസകള്‍ നല്‍കിയതായി റിപ്പോര്‍ട്ട്.
അല്‍ വക്ര സര്‍വീസസ് സെന്ററിലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ജാസിം മുഹമ്മദ് അല്‍ അലിയെ ഉദ്ധരിച്ച് പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്
ആഭ്യന്തര മന്ത്രാലയത്തിന്റെ അല്‍ വക്ര സേവന കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷം 73000 സന്ദര്‍ശകരെത്തിയതായും 104000 സന്ദര്‍ശക വിസകള്‍, 44,000 റസിഡന്‍സി പെര്‍മിറ്റുകള്‍ എന്നിവ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ യാത്രാ നയം ലളിതമാക്കിയതും വിസകള്‍ അനുവദിക്കുവാന്‍ തുടങ്ങിയതും കാരണം നിരവധി പേരാണ് ഖത്തറിലെത്തിയത്.
സന്ദര്‍ശകര്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ കേന്ദ്രം സമഗ്രമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍, സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ , എന്‍ട്രി വിസ എന്നിങ്ങനെയുള്ള സേവനങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഒന്നിലധികം കൗണ്ടറുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം ഒരു കൗണ്ടറില്‍ എല്ലാ ഇടപാടുകളും സാധ്യമാക്കുന്ന സംവിധാനം ഏറെ സഹായകമാണ് .
ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിന് പ്രായമായവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും കേന്ദ്രം പ്രത്യേക സേവനം നല്‍കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.