ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ് തിറാസില്‍ യാത്ര രജിസ്റ്റര്‍ ചെയ്യുന്നത് ഏറെ പ്രയോജനകരം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരും ഇഹ് തിറാസില്‍ യാത്ര പ്രവേശനം രജിസ്റ്റര്‍ ചെയ്യുന്നത് ഏറെ പ്രയോജനകരമാണെന്ന് എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍ റുമൈഹി പറഞ്ഞു. ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍, പിസിആര്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമര്‍പ്പിച്ചുകൊണ്ട് പോര്‍ട്ടലില്‍ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഇത് എമിഗ്രേഷന്‍ നടപടികള്‍ വളരെ വേഗത്തിലും സൗകര്യപ്രദവുമാക്കുവാന്‍ സഹായകമാകും.
ഖത്തറിലേക്ക് വരുന്ന സന്ദര്‍ശകര്‍ www.ehteraz.gov.qa എന്ന വെബ്സൈറ്റില്‍ പ്രീ-രജിസ്ട്രേഷന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യുകയും എത്തിച്ചേരുന്നതിന് 3 ദിവസം മുമ്പെങ്കിലും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രസക്തമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുകയും വേണം. എന്നാല്‍ ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രീ-രജിസ്ട്രേഷന്‍ ഓപ്ഷണലാണ് .
ഇലക്ട്രോണിക് പ്രീ-രജിസ്ട്രേഷന്‍ പ്രക്രിയയില്‍ പി,സി.ആര്‍ പരിശോധന ഫലം ഇനി ആവശ്യമില്ല. പകരം, യാത്രക്കാര്‍ പിസിആര്‍ പരിശോധനാ ഫലത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് എയര്‍ലൈനുകള്‍ക്ക് നല്‍കണം.