കണ്ടൈനറുകള്‍ നവീകരിച്ച് റെസ്റ്റോറന്റുകളും കൊമേര്‍സ്യല്‍ സൗകര്യവുമൊരുക്കി യുവ സംരംഭകന്‍
അമാനുല്ല വടക്കാങ്ങര
ഖത്തറില്‍ കണ്ടൈനറുകള്‍ നവീകരിച്ച് റെസ്റ്റോറന്റുകളും കൊമേര്‍സ്യല്‍ സൗകര്യവുമൊരുക്കി ശ്രദ്ധേയനായ യുവ സംരംഭകനാണ് നിഷാം ഇസ്മായില്‍. ഷിപ്പിംഗ് മേഖലയില്‍ ഉപയോഗിക്കുന്ന കണ്ടൈനറുകള്‍ നവീകരിച്ച് റെസ്റ്റോറന്റുകളും കഫേകളും മറ്റു കൊമേര്‍സ്യല്‍ സൗകര്യവുമൊരുക്കുന്ന ക്യു ബോക്‌സ് ട്രേഡിംഗ് എന്ന സ്ഥാപനത്തിന്റെ അമരക്കാരനായ ഈ ചെറുപ്പക്കാരന്‍ ഇന്നൊവേഷനിലൂടെ പുതിയ ബിസിനസ് അവസരങ്ങള്‍ കണ്ടെത്താമെന്ന് പ്രായോഗികമായി തെളിയിക്കുകയാണ് .
നൂതനമായ ആശയങ്ങളും സങ്കല്‍പങ്ങളുമാണ് പുരോഗതിയുടെ ചാലക ശക്തി. അവസരങ്ങളും സാധ്യതകളും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുമ്പോള്‍ സംരംഭത്തിന് സ്വീകാര്യതയും പ്രാധാന്യവും ലഭിക്കും. പുതിയ അവസരങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അതു നിറവേറ്റുന്നതിനായി ഉല്‍പ്പന്നങ്ങളും, സേവനങ്ങളും ചെയ്തു കൊടുക്കുന്ന വ്യക്തിയാണ് ഒരു സംരംഭകന്‍ എന്നാണ് നിഷാം കരുതുന്നത്. ഈയര്‍ഥത്തില്‍ പുതിയ സേവനങ്ങളും സാധനങ്ങളും ലഭ്യമാക്കി വാണിജ്യ രംഗത്തെ തന്റെ സാന്നിധ്യമടയാളപ്പെടുത്താനായി എന്നത് പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ ഭൂമികയില്‍ തന്റേതായ ഇടം കണ്ടെത്തിയ യുവ സംരംഭകന്റെ തൊപ്പിയിലെ പൊന്‍തൂവലാകാം.
കഴിഞ്ഞ പത്തു വര്‍ഷമായി ലോജിസ്റ്റിക്‌സ് രംഗത്തും കണ്ടെയ്‌നര്‍ ട്രേഡിംഗ് മേഖലയിലുമുള്ള പ്രവര്‍ത്തി പരിചയം വെച്ച് 2017ലാണ് നിഷാം ഇസ്മായില്‍ ഇതൊരു സംരംഭമായി ആരംഭിക്കുന്നത്. ഷിപ്പിംഗ് കണ്ടെയ്നറുകളില്‍ ഇന്റര്‍മോഡല്‍ ഷിപ്പ്മെന്റിനായി ഉപയോഗിക്കുന്ന വലിയ പുനരുപയോഗിക്കാവുന്ന സ്റ്റീല്‍ ബോക്‌സുകള്‍ മുതല്‍ സര്‍വ്വവ്യാപിയായ കോറഗേറ്റഡ് ബോക്‌സുകള്‍ വരെയുണ്ട്. ഇവയില്‍ വിവിധ വലുപ്പത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഷിപ്പിംഗ് കണ്ടെയ്നറുകളാണ് റസ്റ്റോറന്റുകള്‍, കഫേകള്‍, റീട്ടെയ്ല്‍, ഓഫീസ് സ്പെയ്സുകള്‍ക്കുമായി ക്യു ബോക്‌സ് ഉപയോഗിക്കുന്നത്.
ഏറ്റവും പുത്തന്‍ ആശയങ്ങളിലൂടെ ആവശ്യാനുസൃതം ഗുണനിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ക്രിയേറ്റീവ് എന്‍ക്ലോഷര്‍ സൊല്യൂഷനുകള്‍ ഇവര്‍ ഒരുക്കുന്നു.
തുടക്കം കണ്ടെയ്നര്‍ ബോക്‌സുകളുടെ വ്യാപാരമായിരുന്നെങ്കില്‍ ഇപ്പോള്‍ അവയുടെ പരിഷ്‌കരണത്തിനും, ഫാബ്രിക്കേഷനുമാണ് ക്യൂ ബോക്‌സ് പ്രാധാന്യം കൊടുക്കുന്നത്.
ക്യു ബോക്‌സിന്റെ പുത്തന്‍ പദ്ധതികളില്‍ ഏറ്റവും മികച്ചതാണ് ഇപ്പോള്‍ ഖത്തര്‍ വീഥികളില്‍ ട്രെന്‍ഡിങ്ങായി മാറിയിരിക്കുന്ന കണ്ടെയ്‌നര്‍ കിയോസ്‌കുകള്‍. പുതിയ സംരംഭകര്‍ക്കായി ചെറിയ മുതല്‍ മുടക്കില്‍ വലിയ ആശയങ്ങള്‍ എന്നതാണ് ഇവയുടെ പ്രത്യേകത. കണ്ടെയനര്‍ ഉപയോഗപ്പെടുത്തി താമസ സൗകര്യവും, ഓഫീസ് മുറികളും എന്നപോലെ ഇപ്പോള്‍ ഖത്തറില്‍ കണ്ടെയ്നര്‍ റെസ്റ്റോറന്റുകളും കഫേകളും ഒരു തരംഗമാവുകയാണ്. ഈ രംഗത്താണ് ക്യൂ ബോക്‌സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറിയ ഒറ്റമുറി കടകള്‍ മുതല്‍ അടുക്കളയും വര്‍ക്കിങ് ഏരിയയും ഉള്‍പ്പെടുന്ന മിനി റസ്റ്റോറന്റുകളും ഈ രൂപത്തില്‍ ആവിഷ്‌ക്കരിക്കാനാകും. മുനിസിപ്പാലിറ്റി അനുവദിച്ച ലുസൈല്‍, ദുഹൈല്‍, ഗറാഫ, ആസ്പയര്‍ സോണ്‍ തുടങ്ങിയ ഏരിയകളിലാണ് പ്രധാനമായും പ്രൊജക്ടുകള്‍ നടക്കുന്നത്.
കണ്ടെയ്‌നറുകള്‍ ആവശ്യാനുസൃതം ഡിസൈന്‍ ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തുകയും, ചൂടു കാലാവസ്ഥയെ പ്രതിരോധിക്കാന്‍ അകത്ത് ടെര്‍മിനല്‍ ഇന്‍സൊലേഷന്‍ ചെയ്ത് മുഴുവനായി എയര്‍ കണ്ടീഷ്ണും ചെയ്യുന്നു. രണ്ടോ മൂന്നോ കണ്ടെയ്നറുകള്‍ ഒരുമിച്ച് ചേര്‍ത്താണ് വലിയ റെസ്റ്റോറന്റുകള്‍ക്ക് കൂടുതല്‍ ഇടം ഒരുക്കുന്നത്. ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും, അത് പൂര്‍ത്തിയാകും വരെ ഒപ്പം നില്‍ക്കാനും സന്നദ്ധരായ ഒരു കൂട്ടം തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ തയ്യാറാക്കുന്ന കണ്ടെയ്‌നര്‍ കിയോസ്‌കുകള്‍ക്ക് ചിലവും വളരെക്കുറവാണ്. ഏകദേശം മുപ്പതിനായിരം റിയാല്‍ മുതല്‍ അറുപതിനായിരം ഖത്തര്‍ റിയാല്‍ വരെയാണ് ഇതിന് ചിലവ് വരിക.
ഖത്തര്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടു കൂടിയാണ് ഇത്തരം കണ്ടെയ്‌നര്‍ ഹബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. പ്രത്യേകിച്ച് എഫ് ആന്‍ഡ് ബി വ്യവസായത്തില്‍ സംരംഭകത്വത്തിലേക്ക് കടക്കാന്‍ ഖത്തര്‍ ഗവണ്‍മെന്റ് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍, പുതിയ ബിസിനസുകാര്‍ക്ക് കുറഞ്ഞ നിക്ഷേപത്തില്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന്, കണ്ടെയ്‌നര്‍ കഫേകള്‍ ഏറ്റവും മികച്ച ഓപ്ഷനാണ്. ഇത് എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്നു. ഗോ ഗ്രീന്‍ കാമ്പെയ്‌നിന്റേയും, സുസ്ഥിര വികസനത്തിന്റെയും ഭാഗമായി ഖത്തര്‍ ഗവണ്‍മെന്റ് റീസൈക്കിള്‍ ചെയ്തതും പുതുക്കിയതുമായ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാല്‍, കണ്ടെയ്‌നര്‍ റെസ്റ്റോറന്റ് അത്തരം ആശയങ്ങളുടെ മികച്ച പ്രായോഗികാവിഷ്‌ക്കാരമാണ് .
വഴിയോര കച്ചവടങ്ങള്‍ക്ക് പ്രാപ്തമായ ചെറു സംരംഭം മാത്രമല്ല, യുഎസിലും യൂറോപ്പിലുമെല്ലാം കാണുന്ന ഫുഡ് ട്രക്കുകളും ആവശ്യാനുസൃതം ഇറക്കുമതി ചെയ്യുന്നതിലും അവ നേരിട്ട് ഖത്തറില്‍ തന്നെ നിര്‍മിച്ചു നല്‍കാനും ക്യു ബോക്‌സ് ട്രേഡിംഗ്് തയ്യാറാണ്. ഒരു കണ്ടെയ്‌നര്‍ കിയോസ്‌ക് നിര്‍മിച്ചു നല്‍കുക മാത്രമല്ല, തുടര്‍ന്നും അതിന്റെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും രീതിയില്‍ സേവനങ്ങള്‍ ആവശ്യമാണെങ്കില്‍ അതു ലഭ്യമാക്കുന്നതിലും ക്യു ബോക്‌സ് ഉത്തരവാദിത്വത്തോടു കൂടി പ്രവര്‍ത്തിക്കുന്നു.
ഏല്‍പ്പിക്കുന്ന പ്രോജക്റ്റുകള്‍ ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതത്തിനു രൂപകല്‍പ്പന ചെയ്യാനും, ഓരോ ഘട്ടത്തിലും അതു വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരിചയസമ്പന്നരായ ആര്‍ക്കിടെക്റ്റുകളുടെയും എഞ്ചിനീയര്‍മാരുടെയും ഒരു ടീം തന്നെ ക്യു ബോക്‌സിനുണ്ട്. ആവശ്യാനുസൃതം പ്രദര്‍ശന ഹാളുകളിലും, പ്രൈവറ്റ് വേദികളിലും, മറ്റാവശ്യങ്ങള്‍ക്കും താല്‍ക്കാലികമായി ഇത്തരം കണ്ടെയ്‌നര്‍ ഉപയോഗിക്കാറുണ്ട്.
ഇതോടൊപ്പം ഷിപ്പിംഗ് കണ്ടെയ്നറുകളില്‍ ഇഷ്ടാനുസൃതം കിയോസ്‌ക് വാടകയ്ക്കു നല്‍കാനും, കാറ്റും വെള്ളവും കടക്കാത്ത മികച്ച ഷിപ്പിംഗ് കണ്ടെയ്നറുകളിലേക്ക് ഓണ്‍ലൈന്‍ ആക്സസ് വഴിയും വില്‍പ്പനയും ഇവിടെ സാധ്യമാക്കുന്നു. പുതിയതും ഉപയോഗിച്ചതും, നിലവാരമുള്ളതും പരിഷ്‌ക്കരിച്ചതുമായ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ വിതരണം ചെയ്യുന്നതിലും, ഷിപ്പിംഗ് കണ്ടെയ്നറുകള്‍ക്ക് വേണ്ട പരിഷ്‌കരണങ്ങള്‍ വരുത്തി, പുതിയ രീതിയില്‍ ഡിസൈന്‍ ചെയ്തു നല്‍കാനും ക്യു ബോക്‌സിനു പ്രത്യേക ടീം തന്നെയുണ്ട്.
കഴിഞ്ഞ 4 വര്‍ഷത്തെ അനുഭവത്തിലൂടെ, വ്യക്തിഗത ഉപഭോക്താക്കള്‍, കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിപണിയുടെ വിവിധ മേഖലകളിലുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം നേടിയെടുക്കാന്‍ ക്യു ബോക്‌സിനു സാധിച്ചിട്ടുണ്ട്. ഇന്ന് കണ്ടെയ്‌നര്‍ പരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ ക്യു ബോക്‌സ് ഒരു ജനപ്രിയ നാമമാണ്. വ്യത്യസ്ത ചിന്താഗതിയില്‍ പുത്തന്‍ ആശയങ്ങള്‍ വഴി ചെറുതും വലുതുമായ തന്റെ ഉപഭോക്താക്കളുടെ ആഗ്രഹള്‍ക്ക് ജീവന്‍ നല്‍കുകയാണ് ക്യു ബോക്‌സ് ട്രേഡിംഗ്.
യൂറോപ്പില്‍ ഏറെ പ്രചാരമുള്ള കണ്ടെയിനര്‍ റസ്‌േേറ്റാറന്റുകള്‍ ദുബൈയില്‍ വിജയകരമായി നടക്കുന്നത് കണ്ടതാണ് ഖത്തറില്‍ ഈ ആശയം പരീക്ഷിക്കുവാന്‍ നിഷാമിന് പ്രോല്‍സാഹനമായത്.
ഇതിനകം നൂറിലേറെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സാധാരണഗതിയില്‍ ഒരു മാസത്തിനകം തന്നെ ഒരു പ്രൊജക്ട് പൂര്‍ത്തിയാക്കാനാകും. പതിനഞ്ചോളം വിദഗ്ധരടങ്ങുന്ന ഒരു സംഘമാണ് ക്യൂ ബോക്‌സിന്റെ ശക്തി. ലുസൈലിലാണ് ഏറ്റവും കൂടുതല്‍ പ്രൊജക്ടുകള്‍ ചെയ്തത്. വിവിധ സ്‌റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് ക്‌ളബ്ബുകള്‍ എന്നിവയോട് ചേര്‍ന്നും പ്രൊജക്ടുകള്‍ ചെയ്തിട്ടുണ്ട്. റാസ് അബൂ അബൂദ് പ്രൈവറ്റ് ബീച്ച് ടിക്കറ്റ് കൗണ്ടര്‍, ഖത്തര്‍ ആര്‍മിക്ക് വേണ്ടി നിര്മിച്ച ഫയര്‍ ഫൈറ്റിംഗ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങിയവ ക്യൂ ബോക്‌സ് പൂര്‍ത്തീകരിച്ച പ്രധാന പ്രൊജക്ടുകളില്‍പെട്ടതാണ് . പൊതുമരാമത്ത് അതോരിറ്റി ( അശ്ഗാല്‍) സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയുമായി ബന്ധപ്പെട്ടും ക്യൂ ബോക്‌സ് പ്രവര്‍ത്തിക്കാറുണ്ട്.
ടെക് എ വേ ആശയങ്ങള്‍ക്ക് പ്രചാരം നേടുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ ബിസിനസ് അവസരമാണ് കണ്ടെയിനര്‍ റസ്റ്റോറന്റുകളും ഫുഡ് ട്രക്കുകളുമൊക്കെ നല്‍കുന്നത്. വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം പ്രൊജക്ടുകള്‍ക്ക് ഖ്ത്തറില്‍ നല്ല സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.
ദീര്‍ഘകാല ഖത്തര്‍ പ്രവാസിയായിരുന്ന മുഹമ്മദ് ഇസ്മാഈല്‍, നാസിനി ദമ്പതികളുടെ മൂത്ത മകനായ നിഷാം 2005 മുതല്‍ ഖത്തറിലുണ്ട്. ബികോം ബിരുദവും കമ്പനി സെക്രട്ടറി പരീക്ഷയും പാസായി ലോജിസ്റ്റിക് മേഖലയിലാണ് ജോലി ആരംഭിച്ചത്.
ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറായ സജ്‌നയാണ് ഭാര്യ. സിനാന്‍, ഷയാന്‍, നൈല എന്നിവര്‍ മക്കളാണ്.