കാറ്റും മേഘങ്ങളും തുടരാം, ഖത്തറില്‍ ഇന്നും കൊടും തണുപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ശക്തമായ ശീതക്കാറ്റും മേഘങ്ങളും തുടരാന്‍ സാധ്യതയുള്ളതിനാല്‍, ഖത്തറില്‍ ഇന്നും കൊടും തണുപ്പ് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് . ചില സന്ദര്‍ഭങ്ങളില്‍ കാറ്റിന്റെ വേഗം 24 നോട്ട് വരെ ഉയരാമെന്നും കടല്‍നിരപ്പ് 8 അടി വരെ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇന്നലെ രാവിലെ അബൂ സംറയില്‍ അന്തരീക്ഷ താപ നില – 2.4 വരെ താഴ്ന്നിരുന്നു. ദുഖാന്‍, ഉമ്മുബാബ് എന്നിവിടങ്ങളിലും താപ നില 2 ഡിഗ്രിവരെയെത്തി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ യഥാര്‍ഥ താപനില 8-13 ഡിഗ്രിവരെയായിരിക്കുമെന്നാണ് പ്രവചനം. എന്നാല്‍ പ്രത്യക്ഷ താപ നില ഇതിലും എത്രയോ കുറവാകാനാണ് സാധ്യത.
തെര്‍മോമീറ്ററുകള്‍ രേഖപ്പെടുത്തുന്ന താപനിലയാണ് യഥാര്‍ത്ഥ താപനിലയെന്ന് കാലാവസ്ഥാ വകുപ്പ് വിശദീകരിച്ചു, അതേസമയം പ്രകടമായ താപനില മനുഷ്യര്‍ക്ക് അനുഭവപ്പെടുന്നതും അന്തരീക്ഷ ഈര്‍പ്പവും കാറ്റിന്റെ വേഗതയും ഉള്‍പ്പെടെ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടതുമാണ്.