Uncategorized

കായിക രംഗത്തെ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമടയാളപ്പെടുത്തിയ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമായ ഇന്ത്യന്‍ സമൂഹത്തിന്റെ കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായാണ് മുന്നോട്ടുപോകുന്നത്.

2022 ഖത്തറിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ് . കാല്‍പന്തുകളിയാരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്ന ചരിത്ര മുഹൂര്‍ത്തം. ഇന്ത്യന്‍ സമൂഹത്തിനും അവിസ്മരണീയമായ വര്‍ഷമാണിത്. അതുകൊണ്ട് തന്നെ 2022 ല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വം ആര്‍ക്ക് എന്ന ചോദ്യത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ ഉത്തരമായിരുന്നു മുതിര്‍ന്ന കമ്മ്യൂണിറ്റി ലീഡറും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ഡോ. മോഹന്‍ തോമസ് എന്നത്.


കമ്മ്യൂണിറ്റിയുടെ തെരഞ്ഞെടുപ്പിനെ ശരിവെക്കുന്ന തരത്തില്‍ ആശാവഹമായ പ്രവര്‍ത്തനങ്ങളാണ് കോവിഡ് മഹാമാരിയുടെ നടുവിലും ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സാക്ഷാല്‍ക്കരിച്ചത്. പ്രൊഫഷണല്‍ രംഗത്തും മികവും അര്‍പ്പണ ബോധവുമുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി ഇന്ത്യന്‍ സമൂഹത്തിന്റെ മാത്രമല്ല ഖത്തരീ സമൂഹത്തിന്റേയും വിശ്വാസമാര്‍ജിച്ചാണ് മുന്നോട്ടുപോകുന്നത്.

2021 ഫെബ്രുവരിയിലാണ് ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് അധികാരമേറ്റെടുത്തത്. മാര്‍ച്ച് മാസത്തില്‍ തന്നെ പ്രൊഫഷമല്‍ രീതിയില്‍ ഇന്ത്യാ കപ്പ് ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി തങ്ങളുടെ മികവ് തെളിയിച്ചു.

ദോഹ സന്ദര്‍ശിച്ച ഇന്ത്യന്‍ നാഷണല്‍ ഫെന്‍സിംഗ് ടീം, നാഷണല്‍ ടേബിള്‍ ടെന്നീസ് ടീം, നാഷണല്‍ സ്‌നൂക്കര്‍ ടീം എന്നിവക്ക് സ്വീകരണമൊരുക്കാനും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മുന്നോട്ട് വന്നു. ജൂണ്‍ 21 ന് ഇന്ററര്‍നാഷണല്‍ യോഗ വര്‍ഷം രാജ്യത്തെ 6 വ്യത്യസ്ത വേദികളിലായി ആഘോഷിക്കുന്നതിനും യോഗയുടെ സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കുന്നതിനും ഇത് സഹായകമായി .


ജൂലൈ മാസം നടത്തിയ ബാറ്റ് മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ,ആഗസ്റ്റില്‍ നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റ്, സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നടത്തിയ സെവന്‍സ് ടൂര്‍ണമെന്റ്, ഒക്ടോബറില്‍ നടത്തിയ ലോണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മുതലായവ സംഘാടക മികവിലും പങ്കാളിത്തത്താലും ശ്രദ്ധേയമായ പരിപാടികളായിരുന്നു.


കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ഖത്തര്‍ ലോക കപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവല്‍ ലോക കപ്പിന്റെ ആതിഥേയരായ ഖത്തറിനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഡ്യവും പിന്തുണയും അടയാളപ്പെടുത്തുന്നതായിരുന്നു.

ഫിഫ അറബ് കപ്പ് ട്രോഫി ടൂറിന്റെ ഭാഗമായും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കായിക രംഗത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ നേതൃത്വമലങ്കരിച്ചു.

2021 ഡിസംബറില്‍ മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചതും ഖത്തര്‍ കമ്മ്യൂണിറ്റി ഫുട്‌ബോള്‍ ലീഗില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുവാന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഫുട്‌ബോള്‍ ക്‌ളബ്ബുമായി സഹകരിച്ചതും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പ്രധാന പ്രവര്‍ത്തനങ്ങളായിരുന്നു.


ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ കായിക വളര്‍ച്ചക്ക് സൗകര്യമൊരുക്കുകയും ഖത്തറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അര്‍ഹരായ കായികതാരങ്ങളെ ആദരിക്കുകയും ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമായി രംഗത്തുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളുടേയും കായിക പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കാറുണ്ട്. വിവിധ അന്താരാഷ്ട്ര കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ അത്ലറ്റുകള്‍, കായികതാരങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അഭിനന്ദിക്കാനും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മുന്‍കൈയെടുക്കാറുണ്ട്. ആരോഗ്യ ബോധവല്‍ക്കരണവും മാനവിക ഐക്യവും വളര്‍ത്തിയെടുക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമായി സ്‌പോര്‍ട്‌സിനെ പ്രയോജനപ്പെടുത്തണമെന്നതാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ കാഴ്ചപ്പാട്. വിനോദത്തിനും വ്യവസായത്തിനും പ്രത്യേക ഊന്നല്‍ നല്‍കി വ്യക്തിത്വ വികസനവും വ്യക്തിഗത ഉല്‍പ്പാദനക്ഷമത വര്‍ദ്ധനയും ഏകോപിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുകയെന്നതും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ വിശാലമായ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

പ്രവാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും വിനോദവും സമന്വയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആസൂത്രണം ചെയ്തുവരുന്നത്.

Related Articles

Back to top button
error: Content is protected !!