ഖത്തര്‍ നോട്ടിന്റെ അഞ്ചാം സീരീസിന് രാജ്യാന്തര പുരസ്‌കാരം
അമാനുല്ല വടക്കാങ്ങര
ദോഹ. 2020 ഡിസംബര്‍ 18 ന് ഖത്തര്‍ നടപ്പാക്കിയ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) നോട്ടുകളുടെ അഞ്ചാം സീരീസിന് രാജ്യാന്തര പുരസ്‌കാരം . 2021-ലെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഹൈ സെക്യൂരിറ്റി പ്രിന്റിംഗ് (എച്ച്എസ്പി) ബാങ്ക് നോട്ട് കളക്ഷന്‍ അവാര്‍ഡാണ് ഖത്തര്‍ സ്വന്തമാക്കിയത്.
ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സുകളും ഇവന്റുകളും കറന്‍സികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സവിശേഷതകളും സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധേയരായ ബ്രിട്ടീഷ് റെക്കണൈസന്‍സ് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച മത്സരത്തിലാണ് ഖത്തര്‍ നോട്ടുകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഖത്തര്‍ കറന്‍സിയുടെ അഞ്ചാമത്തെ ലക്കത്തിലെ എല്ലാ വിഭാഗങ്ങളും വിജയിച്ചത് കൃത്യവും ഒതുക്കമുള്ളതുമായ ഒപ്റ്റിക്കല്‍ ടേപ്പ് നെക്‌സസ് വഹിക്കുന്ന സുരക്ഷാ ടാഗുകളിലെ രൂപകല്‍പ്പനയും സാങ്കേതിക വികാസവും മൂലമാണെന്ന് ക്യുസിബി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
കറന്‍സി ഇഷ്യൂ ചെയ്യുന്ന രാജ്യങ്ങള്‍ക്കും ബാങ്ക് നോട്ടുകളും ഔദ്യോഗിക രേഖകളും അച്ചടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള പ്രിന്റിംഗ് കമ്പനികള്‍ക്കും വര്‍ഷം തോറും നല്‍കാറുള്ള അവാര്‍ഡാണിത്.