ഭരണഘടന നല്‍കുന്ന നിയമ പരിരക്ഷകള്‍ സ്ത്രീകള്‍ക്ക് ഉറപ്പാക്കണം :ഖത്തര്‍ പ്രവാസി വനിതാ സംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ:ഇന്ത്യന്‍ റിപ്പബ്ലിക്കിലെ പെണ്ണവകാശങ്ങള്‍ എന്ന തലക്കെട്ടില്‍ ഖത്തര്‍ പ്രവാസി വനിതാ കൂട്ടായ്മ നടത്തിയ സെമിനാര്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയും കര്‍ണാടക,ലക്ഷദ്വീപ് ഇന്‍ചാര്‍ജറുമായ അഡ്വ.വിദ്യാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്‍കുന്ന നിയമ സുരക്ഷിതത്വം വിലയേറിയതാണെന്നും എന്നാല്‍ ആ പരിരക്ഷ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ രൂപത്തില്‍ ലഭ്യമാകുന്നില്ലെന്നും അവര്‍ പറഞ്ഞു.കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സജ്‌ന സാക്കി മോഡറേറ്ററായ സെമിനാറില്‍ കെ ഡബ്ല്യു സി സി വൈസ് പ്രസിഡന്റ് മുനീറ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഖത്തര്‍ പ്രതിനിധി ഷഹാന ഇല്യാസ് വിഷയമവതരിപ്പിച്ചു. മുസ്ലീം ലീഗ് പ്രതിനിധി അഡ്വ. ഫാത്വിമ തഹ് ലിയ മുഖ്യപ്രഭാഷണവും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റുമായ ജബീന ഇര്‍ഷാദ്,നാഷണല്‍ വിമന്‍സ് ഫ്രണ്ട് ട്രഷറര്‍ എം.ഹബീബ എന്നിവരും നാട്ടില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.
ഭരണഘടന അനുശാസിക്കുന്ന വ്യക്തി സ്വാതന്ത്ര്യം ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണമാവുകയുള്ളുവെന്നും കര്‍ണ്ണാടകയില്‍ നടന്നു കൊണ്ടിരിക്കുന്ന ഹിജാബ് വിവാദമടക്കം ഭരണഘടന നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും ഇഷ്ടപ്പെട്ട മതവും മത ചിഹ്നങ്ങള്‍ ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും പ്രഭാഷകര്‍ സൂചിപ്പിച്ചു.എന്ത് വില കൊടുത്തും അസഹിഷ്ണുതയുടെ ഇത്തരം നീക്കങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും പ്രവാസലോകത്തുനിന്നുള്ള ഇത്തരം സംഗമങ്ങള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പരിപാടിക്ക് ഐക്യദാര്‍ഢ്യവും അഭിവാദ്യവുമര്‍പ്പിച്ച് ഇന്‍കാസ് തൃശൂര്‍ ജില്ലാ സെക്രട്ടറി ജിഷ ജോര്‍ജ്,വുമണ്‍ ഫ്രറ്റേണിറ്റി ഖത്തര്‍ പി ആര്‍ കോഡിനേറ്ററായ ഷെജിന ഹാഷിം,സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീകല പ്രകാശ്, കെ ഡബ്ല്യു സി സി സെക്രട്ടറി ഫാസില ഹസന്‍,ചാലിയാര്‍ ദോഹ പ്രതിനിധി ശാലീന രാജേഷ്,പൊതു പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നസീഹ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
സദസ്സിനെ ധന്യമാക്കി അഥീന സാറ,സാറ സുബുല്‍ എന്നിവര്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.എഫ് സി സി വനിതാ വേദി പ്രസിഡന്റ് അപര്‍ണ റനീഷ് സ്വാഗതവും കള്‍ച്ചറല്‍ ഫോറം മീഡിയ കണ്‍വീനര്‍ വാഹിദ സുബി നന്ദിയും പറഞ്ഞു.