യുക്രൈൻ: സർക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പ് അപലപനീയം: സോഷ്യൽ ഫോറം
ദോഹ: റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ വിഷയത്തിൽ കേന്ദ്രസർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം.
യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് വേണ്ടത്. വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് സോഷ്യൽ ഫോറം സെൻട്രൽ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അമാന്തം കാണിക്കുന്നത് പ്രതിഷേധാർഹമാണ്. വിദ്യാർഥികളടക്കം നിരവധി ഇന്ത്യക്കാരാണ് യുക്രൈനിൽ സർക്കാരിന്റെ കാരുണ്ണ്യത്തിനായി കൈനീട്ടുന്നത്. ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ മുഖം കളങ്കപ്പെടുത്തുന്ന തരത്തിലുള്ള വിലകുറഞ്ഞ പ്രചാരണങ്ങൾ ഒഴിവാക്കി സർക്കാർ പൗരന്മാരുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും സോഷ്യൽ ഫോറം സെൻട്രൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനകം നിരവധി വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയ വഴി പുറം ലോകത്തെത്തിച്ചുകഴിഞ്ഞു. അധികൃതരിൽ നിന്നും അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ ആശാവഹമല്ല. ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെയും അവരുടെ ബന്ധുക്കളുടെ ആശങ്കയകറ്റേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും സർക്കാർ വിവേകപൂർവ്വം പ്രശ്നത്തിൽ ഇടപെട്ട് പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും സോഷ്യൽ ഫോറം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.