കാര്‍ഷിക പരിസ്ഥിതി പ്രദര്‍ശനങ്ങള്‍ ഖത്തര്‍ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ എക്സിബിഷന്റെ (അഗ്രിടെക്) ഒമ്പതാമത് എഡിഷനും ഖത്തര്‍ ഇന്റര്‍നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എക്സിബിഷന്റെ (എന്‍വിറോടെക് ) മൂന്നാം പതിപ്പും ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയങ്ങള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള 650 ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
പ്രധാന മന്ത്രി സംഘാടകരോടൊപ്പം രണ്ട് എക്സിബിഷനുകളുടെയും പവലിയനുകള്‍ സന്ദര്‍ശിക്കുകയും കൃഷി, പാരിസ്ഥിതിക സുസ്ഥിരത, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനമായ ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സെമിനാറുകളും ശില്‍പശാലകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങള്‍ക്കൊപ്പമുള്ള പരിപാടികളുടെ വിശദീകരണവും അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹത്തോടൊപ്പം മന്ത്രിമാര്‍, സംസ്ഥാന അതിഥികള്‍, സംസ്ഥാനത്തെ അംഗീകൃത അംബാസഡര്‍മാര്‍ എന്നിവരുടെ വിശിഷ്ട വ്യക്തികള്‍ എന്നിവരും ഉണ്ടായിരുന്നു.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം നിത്യവും രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ സന്ദര്‍ശകരെ സ്വീകരിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ 10 മണി വരെയാണ് സന്ദര്‍ശന സമയം. ഖത്തറിലെ വിവിധ എംബസികളുടെ സഹകരണത്തോടെ വിവിധ രാജ്യങ്ങള്‍ എക്‌സിബിഷനില്‍ പവലിയനുകളൊരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ പലവിയനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്ത് ഇന്ത്യന്‍ എംബസി രംഗത്തുണ്ട്.