അല്‍ ഖുഫൂസ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു, മൊബിലിറ്റി സമയം 60% കുറയും
അമാനുല്ല വടക്കാങ്ങര
ദോഹ: മുറൈഖ്, മുഹൈര്‍ജ, ലുഐബ് എന്നീ പ്രദേശങ്ങളെ ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ, കായിക സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന അല്‍ ഖുഫൂസ് സ്ട്രീറ്റും ലിങ്ക് റോഡുകളും 6.2 കിലോമീറ്റര്‍ റോഡ് പണി പൂര്‍ത്തിയാക്കി സമ്പൂര്‍ണ ഗതാഗതത്തിനായി തുറന്നതായി പൊതുമരാമത്ത് അതോരിറ്റി അറിയിച്ചു. അല്‍ ഖുഫൂസ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നതോടെ മൊബിലിറ്റി സമയം 60% കുറയും.
3,700 മീറ്റര്‍ നീളമുള്ള അല്‍ ഖുഫൂസ് സ്ട്രീറ്റ്, 1500 മീറ്റര്‍ നീളമുള്ള ഏഷ്യ ചാമ്പ്യന്‍സ് സ്ട്രീറ്റ് 2019, 1,075 മീറ്റര്‍ നീളമുള്ള അല്‍ ബയാ സ്ട്രീറ്റ് എന്നിവയും മുഹൈര്‍ജ സ്ട്രീറ്റ്, ഉമ്മുല്‍ ടിന്‍ സ്ട്രീറ്റ്, അല്‍ സനിയ സ്ട്രീറ്റ് തുടങ്ങി നിരവധി സെക്കന്‍ഡറി സ്ട്രീറ്റുകളും പൊതുമരാമത്ത് വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അല്‍ ഖുഫൂസ് സ്ട്രീറ്റ് സമൂലമായി നവീകരിച്ചത് പ്രദേശത്തെ ഗതാഗതം മെച്ചപ്പെടുത്തും. മണിക്കൂറില്‍ ഏകദേശം 10,000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ഒറ്റവരി തെരുവ് ഇപ്പോള്‍ ഓരോ ദിശയിലും മൂന്ന് പാതകളുള്ള റോഡാക്കി മാറ്റിയതിനാല്‍ മൊബിലിറ്റി സമയം 60% ആയി കുറയും.
അല്‍ ഖുഫൂസ് സ്ട്രീറ്റ് തുറക്കുന്നത് ദോഹ എക്സ്പ്രസ് വേയ്ക്കൊപ്പം സമാന്തര അല്‍ വാബ് സ്ട്രീറ്റിനെ മറികടന്ന് മുഹൈര്‍ജ, മുറൈഖ്, അല്‍ റയ്യാന്‍ & മുസൈതര്‍, അല്‍ ഫുറൂസിയ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് അല്‍ സദ്ദില്‍ നിന്ന് നേരിട്ടുള്ള ഗതാഗതം ഉറപ്പാക്കും.