ഖത്തറില്‍ ക്രൂയിസ് ടൂറിസം തിരിച്ചുവരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: രണ്ട് വര്‍ഷത്തോളം കോവിഡ്-19 മഹാമാരി ഉയര്‍ത്തിയ കനത്ത വെല്ലുവിളിയില്‍ നിര്‍ജീവമായിരുന്ന ക്രൂയിസ് ടൂറിസം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്.
ഖത്തര്‍ ടൂറിസം പങ്കാളികളുമായി ഏകോപിപ്പിച്ച് ഏറ്റവും പുതിയ യാത്രാ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കിയതിലൂടെ, 2021 ഡിസംബര്‍ ആദ്യം ആരംഭിച്ച് 2022 ജൂണ്‍ വരെ നീണ്ടുനില്‍ക്കുന്ന 2021-2022 ക്രൂയിസ് സീസണിന്റെ ആദ്യ പകുതിയില്‍ ഏതാണ്ട് 58,000 യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ഖത്തര്‍ ടൂറിസം വിജയകരമായി സ്വാഗതം ചെയ്തു.
ഈ കാലയളവില്‍ ദോഹ തുറമുഖത്ത് മൊത്തം 18 ക്രൂയിസ് കപ്പലുകളാണ് നങ്കൂരമിട്ടത്. സീസണിന്റെ അവസാനത്തോടെ 12 അധിക ക്രൂയിസുകള്‍ കൂടി പ്രതീക്ഷിക്കുന്നു.
നിലവിലെ ക്രൂയിസ് സീസണിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ടൂറിസ്റ്റുകള്‍ ക്രൂയിസ് വഴി ദോഹയിലെത്തിയത്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.
രാജ്യം ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന ഈ വര്‍ഷം ഖത്തറില്‍ ക്രൂയിസ് ടൂറിസത്തിന് ഏറ്റവും ആവേശകരമായ വര്‍ഷമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.