ഗിഫ അവാര്‍ഡ് ചടങ്ങ് അവിസ്മരണീയമായി
ദോഹ. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പ്രവാസി കൂട്ടായ്മയായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (ഗിഫ) അവാര്‍ഡ് ചടങ്ങ് അവിസ്മരണീയമായി . സംഘാടക മികവിലും പങ്കാളിത്തത്തിലും സവിശേഷമായ ചടങ്ങ് സന്ദേശ പ്രധാനവും സാമൂഹ്യ നവോത്ഥാനത്തിന്റെ പ്രസക്തി അടയാളപ്പെടുത്തുന്നതുമായിരുന്നു. ശാരീരിക അവശതകളാല്‍ യാത്രക്ക് പ്രയാസമുള്ളതിനാല്‍ ചെയര്‍മാന്റെ വീട് മുറ്റത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
സമ്മിശ്ര കൃഷി പരിപാലന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിന്‍ഹാ റഷീദ്, എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച അമാനുറഹ്‌മാന്‍, നസ്‌നീന്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.
പ്രശസ്ത സാഹിത്യകാരനും ടാലന്റ് പബ്‌ളിക് സ്‌കൂള്‍ മലയാള വകുപ്പ് മേധാവിയുമായ ശശികുമാര്‍ സോപാനം ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.
പ്രായം തളര്‍ത്താത്ത ആവേശത്തോടെ സംഘടനക്ക് ദിശാബോധവും നേതൃത്വവും നല്‍കുന്ന ചെയര്‍മാന്‍ പ്രൊഫസര്‍ എം. അബ്ദുല്‍ അലിയെ സംഘടന പ്രത്യേകം ആദരിച്ചു. മുഖ്യ അതിഥി ശശികുമാര്‍ സോപാനം അദ്ദേഹത്തിനുള്ള അവാര്‍ഡ് സമ്മാനിച്ചു.
കുട്ടികള്‍ക്കുള്ള അവാര്‍ഡുകളൊക്കെ ഗിഫ ചെയര്‍മാന്‍ പ്രൊഫസര്‍ എം. അബ്ദുല്‍ അലിയാണ് സമ്മാനിച്ചത്.
ഗിഫ സ്ഥാപകാംഗവും ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാനുമായ ഡോ . മുഹമ്മദുണ്ണി ഒളകര, സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ഓണ്‍ലൈനില്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു.
ഗിഫ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജൗഹറലി തങ്കയത്തില്‍ പരിപാടി നിയന്ത്രിച്ചു.
വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ നവോത്ഥാന നായകനുമായ പ്രൊഫസര്‍ എം. അബ്ദുല്‍ അലിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ രൂപീകൃതമായ ഈ കൂട്ടായ്മ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ് .
അര്‍ഹരായ പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുകയും സമൂഹത്തിന് ബുദ്ധിപരമായ നേതൃത്വം നല്‍കുകയും ചെയ്യുന്ന ഈ കൂട്ടായ്മ വിദ്യാഭ്യാസ രംഗത്തും സാഹിത്യ രംഗത്തും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്.