ദോഹ കോര്‍ണിഷ് വികസന പദ്ധതിയുടെ ഒരു ഭാഗം ഉടന്‍ തുറക്കും
റഷാദ് മുബാറക്
ദോഹ: ദോഹ കോര്‍ണിഷ് വികസന പദ്ധതിയുടെ ഒരു ഭാഗം ഉടന്‍ തുറക്കുമെന്ന് ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റി അറിയിച്ചു.കോര്‍ണിഷിനോട് ചേര്‍ന്ന് ഖത്തറിന്റെ തനിമ പ്രദര്‍ശിപ്പിക്കുന്ന കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന തുറന്ന പ്രദര്‍ശന ഇടങ്ങളാണ് ഉദ്ഘാടനം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാല് തുറന്ന പ്രദര്‍ശന സ്ഥലങ്ങളും കാല്‍നടയാത്രയും വാഹന ഗതാഗതവും സുരക്ഷിതമാക്കുന്ന തരത്തില്‍ നഗരത്തെ കടല്‍ത്തീരവുമായി ബന്ധിപ്പിക്കുന്ന കാല്‍നട തുരങ്കങ്ങളും ഉള്‍പ്പെടുന്നതാണ് വികസന പദ്ധതി.കോര്‍ണിഷ് ഭാഗത്തെ നിരവധി കെട്ടിടങ്ങളുടെ മുന്‍ഭാഗം നവീകരിച്ച് കൂടുതല്‍ ആകര്‍ഷണമാക്കുന്നതും പദ്ധതിയില്‍ ഉള്‍പെടുമെന്ന് ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സാറാ കഫൗദ് പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അവര്‍. ഫിഫ ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ പാര്‍ക്കുകളും റോഡുകളും പൊതുസ്ഥലങ്ങളും കൂടുതല്‍ ആകര്‍ഷകമാക്കി സന്ദര്‍ശകര്‍ക്കായി തുറക്കാനാണ് ലക്ഷ്യമാക്കുന്നത്.
കോര്‍ണിഷ് സ്ട്രീറ്റില്‍ സൈക്ലിംഗ് ട്രാക്കുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കോര്‍ണിഷിലെ മറ്റ് നാല് സ്ഥലങ്ങളില്‍ പ്രത്യേക ഡിസൈനുകളും കലാസൃഷ്ടികളും ഉപയോഗിച്ച് കൂടുതല്‍ തുറന്ന പ്രദര്‍ശന ഇടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ദോഹ കോര്‍ണിഷിന്റെയും ദോഹ സെന്‍ട്രല്‍ ഏരിയയുടെയും വികസനമാണ് സൂപ്പര്‍വൈസറി കമ്മിറ്റിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളെന്ന് അവര്‍ വിശദീകരിച്ചു. ‘ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും മനോഹരമായ കടല്‍ത്തീരങ്ങളിലൊന്നാണ് ദോഹ കോര്‍ണിഷ്, അതിനാലാണ് ഇത് വികസനത്തിനായി തിരഞ്ഞെടുത്തത്. സന്ദര്‍ശകര്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഓര്‍മ്മകള്‍ പ്രതിധ്വനിക്കുന്ന ഖത്തറി ഐഡന്റിറ്റി നിലനിര്‍ത്തുന്ന തരത്തിലാണ് കോര്‍ണിഷ് വികസിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
‘ദോഹ ഡൗണ്‍ടൗണും പഴയ സൂഖ് ഏരിയയും ഉള്‍പ്പെടുന്ന ദോഹ സെന്‍ട്രല്‍ ഡെവലപ്മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പ്രോജക്ട് ധാരാളം സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതാണ് . അടിസ്ഥാന സൗകര്യ വികസനം, ഡ്രെയിനേജ് സംവിധാനം, റോഡ് ശൃംഖലകള്‍, സൈക്ലിംഗ് ട്രാക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ നവീകരണ പരിപാടികള്‍ ഈ മേഖലകളില്‍ നടക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
കോര്‍ണിഷിലെ നിരവധി കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങള്‍ പരിഷ്‌ക്കരിക്കുന്നതും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. സ്റ്റേഡിയം 974 ന് സമീപമുള്ള റാസ് അബു അബൗദ്, വെസ്റ്റ് ബേ ബീച്ച് എന്നിവയുള്‍പ്പെടെയുള്ള ബീച്ചുകളുടെ വികസനവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്.