ഈദ് സ്‌നേഹപ്പൊതി’യും ഈദ് നൈറ്റും ;വൈവിധ്യമാര്‍ന്ന പെരുന്നാള്‍ ആഘോഷവുമായി നടുമുറ്റം ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ആഘോഷദിവസങ്ങളില്‍ കൂടുതല്‍ ജോലിത്തിരക്കുകളുമായി പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികളെ ചേര്‍ത്തുപിടിക്കാനായി നടുമുറ്റം ഖത്തര്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് സ്‌നേഹപ്പൊതി കൈമാറും.
നടുമുറ്റം പ്രവര്‍ത്തകര്‍ വീടുകളില്‍ പെരുന്നാളിന് തയ്യാറാക്കുന്ന ഭക്ഷണത്തില്‍ നിന്നുളള ഒരു പങ്കാണ് ആഘോഷമില്ലാത്ത താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്.
നടുമുറ്റം ജനസേവനവിഭാഗം സെക്രട്ടറി സകീന അബ്ദുല്ലയുടെ നേതൃത്വത്തില്‍ വിവിധ ഏരിയ കോഡിനേറ്റര്‍മാരാണ് ഈദ് സ്‌നേഹപ്പൊതി കോഡിനേറ്റ് ചെയ്യുന്നത്.ഓരോ ഏരിയയുടെയും കളക്ഷന്‍ പോയിന്റുകളില്‍ വിതരണത്തിനുള്ള വിഭവങ്ങള്‍ ശേഖരിക്കും.ശേഖരിക്കുന്ന വിഭവങ്ങള്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ വിവിധ ജില്ലകളുമായി സഹകരിച്ച് അര്‍ഹരായ ആളുകളെ കണ്ടെത്തുകയും ജില്ലയുടെ തന്നെ ഭാരവാഹികള്‍ വഴി വിതരണം ചെയ്യുകയും ചെയ്യും.
പ്രവാസലോകത്ത് ആഘോഷങ്ങളുടെ പൊലിവുകള്‍ നഷ്ടപ്പെടുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കും പെരുന്നാളിന് തലേദിവസം രാത്രി ആഘോഷരാവൊരുക്കി നടുമുറ്റം ഈദ് നൈറ്റ് സംഘടിപ്പിക്കും.മൈലാഞ്ചി അണിയല്‍,കുട്ടികളുടെയും മുതിര്‍ന്ന വരുടെയും കലാപരിപാടികള്‍,വ്യത്യസ്ത വിഭവങ്ങളോടെ ഫുഡ്‌കോര്‍ട്ട് തുടങ്ങിയവ അബൂഹമൂറില്‍ വെച്ചു നടക്കുന്ന ഈദ്‌നൈറ്റിനെ വേറിട്ട അനുഭവമാക്കും.