ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡനില്‍ മലേഷ്യന്‍ സംഘത്തിന്റെ സന്ദര്‍ശനം
അമാനുല്ല വടക്കാങ്ങര
ദോഹ. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിച്ചിരിക്കുന്ന എല്ലാ സസ്യജാലങ്ങളെയും പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉദ്യാനമായ ഖത്തറിലെ ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡനില്‍ മലേഷ്യന്‍ സംഘത്തിന്റെ സന്ദര്‍ശനം.
ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍ ജീവനക്കാര്‍ ഉദ്യാനത്തിലൂടെയും അതിന്റെ സൗകര്യങ്ങളിലൂടെയും എജ്യുക്കേഷന്‍ സിറ്റിയിലെ മോക്ക്-അപ്പ് ഗാര്‍ഡനിലൂടെയും ഗൈഡഡ് ടൂര്‍ നടത്തി സന്ദര്‍ശകരെ സ്വാഗതം ചെയ്തു. മലേഷ്യന്‍ അംബാസഡര്‍ സംശാരി ശഹറാനും അനുഗമിക്കുന്ന എംബസി ഉദ്യോഗസ്ഥരും അടങ്ങുന്ന മലേഷ്യന്‍ പ്രതിനിധി സംഘം, ഇസ്ലാമിക സംസ്‌കാരത്തിലെ വൈവിധ്യമാര്‍ന്ന ചെടികളും മരങ്ങളും കാണുകയും ഇവ സംബന്ധമായി വിശുദ്ധ ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിച്ച കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്തു. ഖത്തറിലുടനീളം പ്രകൃതിദത്ത ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കല്‍ സംരംഭങ്ങളടക്കം ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍ നടപ്പാക്കുന്ന വിവിധ പരിസ്ഥിതി ബോധവല്‍ക്കരണ കാമ്പയിനുകളെക്കുറിച്ചും സംഘം മനസ്സിലാക്കി.
ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്റെ ബൊട്ടാണിക്കല്‍ മ്യൂസിയവും മലേഷ്യന്‍ സംഘം സന്ദര്‍ശിച്ചു. സസ്യ മൊഡ്യൂളുകളും സസ്യങ്ങളില്‍ നിന്ന് നിര്‍മ്മിച്ച പരമ്പരാഗത ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബൊട്ടാണിക്കല്‍ മ്യൂസിയവും സംഘത്തിന്റെ പ്രശംസ പിടിച്ചു പറ്റി . വിശുദ്ധ ഖുര്‍ആനിലെ സസ്യശാസ്ത്ര പദങ്ങള്‍ ചിത്രീകരിക്കുന്നതോടൊപ്പം ആധികാരിക അറബ്, ഇസ്ലാമിക പൈതൃകങ്ങളിലും പാരമ്പര്യങ്ങളിലും മുഴുകുവാന്‍ സഹായിക്കുന്ന തരത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.
പ്രപഞ്ചത്തിന്റെ മതമെന്ന നിലയില്‍ ഇസ്ലാമിന്റെ ജീവിക്കുന്ന സാക്ഷ്യമായി ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന പച്ചപ്പിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍ അടയാളപ്പെടുത്തുന്നതെന്നും ഈ തിരിച്ചറിവിവൂടെ ഖുര്‍ആനിക ആശയങ്ങളുടെ സാക്ഷാല്‍ക്കാരത്തിന് പ്രായോഗിക ആവിഷ്‌കാരം നല്‍കുന്ന ഈ സംരംഭം ഏറെ ശ്‌ളാഘനീയമാണെന്നും മലേഷ്യന്‍ സംഘം അഭിപ്രായപ്പെട്ടു.
പൊതുജനങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിജ്ഞാന കൈമാറ്റവും പൂന്തോട്ടത്തിലെ സസ്യങ്ങളുടെ ശേഖരണവും കൂടുതല്‍ വിപുലീകരിക്കുന്നതിനും ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡനുമായി സഹകരിക്കുമെന്നും മലേഷ്യന്‍ അംബാസിഡര്‍ പറഞ്ഞു.