
ഡെലിവറി റൈഡര്‍മാര്‍ക്കിടയില്‍ മിക്കവാറും എല്ലാ ദിവസവും അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഡെലിവറി റൈഡര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് കൊറോണ സമയത്ത് ഉണ്ടായതെന്നും ഡെലിവറി റൈഡര്‍മാര്‍ക്കിടയില്‍ മിക്കവാറും എല്ലാ ദിവസവും അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാദി അല്‍-ഹജ്രി പറഞ്ഞു. ഡെലിവറി മോട്ടോര്‍ സൈക്കിള്‍ ആക്‌സിഡന്റ് സംബന്ധിച്ച ബോധവല്‍ക്കരണ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യ-വ്യവസായ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ സര്‍വകലാശാല എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഈ ശില്‍പശാലയില്‍ ഈ അപകടങ്ങളുടെ കാരണങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യാനും ഈ അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ ഓരോരുത്തര്‍ക്കും എന്തുചെയ്യാനാകുമെന്ന് നിര്‍വചിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയര്‍ അല്‍ ഹജ്രി കൂട്ടിച്ചേര്‍ത്തു.
സമീപകാലത്ത് മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഉണ്ടാവുകയും ഇത് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാവുകയും ചെയ്തതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഇന്‍ജുറി പ്രിവന്‍ഷന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഐഷ ഉബൈദ് പറഞ്ഞു. ഡെലിവറി ലൊക്കേഷന്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ അപകടങ്ങളുടെ പ്രധാന കാരണമെന്ന് ഡോ ഐഷ ഉബൈദ് കൂട്ടിച്ചേര്‍ത്തു.
2022 ന്റെ ആദ്യ പാദത്തില്‍, റോഡപകടങ്ങള്‍ മൂലം ഗുരുതരമായ പരിക്കുകളോടെ ഹമദ് ട്രോമ സെന്റര്‍ ചികില്‍സിച്ച മോട്ടോര്‍ സൈക്കിള്‍ ഡെലിവറി ഡ്രൈവര്‍മാരുടെ എണ്ണം 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വരും.2021-ലെ ഇതേ കാലയളവില്‍ 29 കേസുകളാണ് കൗകാര്യം ചെയ്തത്. എന്നാല്‍ 2022-ന്റെ ആദ്യ പാദത്തില്‍ അപകടത്തില്‍പ്പെട്ട 93 മോട്ടോര്‍ സൈക്കിള്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് കേന്ദ്രം പരിചരണം നല്‍കി.