ഇന്ത്യന്‍ ഉപരാഷ്ട്രപതിയും സംഘവും ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംഘവും ദോഹയിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ ഉപരാഷ്ട്രപതിയേയും സംഘത്തേയും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സ്വീകരിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലും സ്വീകരണത്തിനെത്തിയിരുന്നു.
സെനഗളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഉപരാഷ്ട്രപതി ദോഹയിലെത്തിയത്. ഇന്ന് രാവിലെ അമീരീ ദീവാനില്‍ ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഥാനിയുമായി കൂടിക്കാഴ്ച നടത്തും.
ഇന്തോ ഖത്തര്‍ ഉഭയ കക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനാവശ്യമായ ചര്‍ച്ചകളും അവലോകനങ്ങളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. 35 അംഗ വ്യാപാര പ്രതിനിധി സംഘവും ഉന്നത ഉദ്യോഗസ്ഥരും ഉപരാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട് .
നാളെ ഖത്തര്‍ ശൂറ കൗണ്‍സില്‍ സ്പീ്ക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. നാളെ വൈകുന്നേരം ഷെറാട്ടണ്‍ ഹോട്ടലില്‍ കമ്മ്യൂണിറ്റി സ്വീകരണ പരിപാടിയില്‍ ഉപരാഷ്ട്രപതി ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.