2021-22 സാമ്പത്തിക വര്‍ഷം ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് 5.6 ബില്ല്യണ്‍ റിയാല്‍ ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ആഗോളതലത്തില്‍ തന്നെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധികളും വെല്ലുവിളികലും നേരിട്ട 2021/22 സാമ്പത്തിക വര്‍ഷം ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് 5.6 ബില്ല്യണ്‍ റിയാല്‍ ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ട് . സേവനത്തിന്റെ
25 ാം വാര്‍ഷികം ആഘോഷിക്കുന്ന കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണിത്.
ആഗോള എയര്‍ലൈന്‍ വ്യവസായത്തിലെ എക്കാലത്തെയും ദുഷ്‌കരമായ കാലഘട്ടത്തില്‍, ഉപഭോക്തൃ ആവശ്യങ്ങളിലും വികസിച്ചുകൊണ്ടിരിക്കുന്ന വിപണി അവസരങ്ങളിലും ലോകമെമ്പാടുമുള്ള ജീവനക്കാരുടെ കാര്യക്ഷമതയിലും പ്രതിബദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് ചരിത്രം സൃഷ്ടിച്ചത്.
ഈ ലാഭം ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ റെക്കോര്‍ഡ് മാത്രമല്ല, ലോകമെമ്പാടും ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക ഫലങ്ങള്‍ പ്രസിദ്ധീകരിച്ച മറ്റെല്ലാ എയര്‍ലൈനുകള്‍ക്കിടയിലും ഒരു റെക്കോര്‍ഡാണ്.
കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 78 ശതമാനം വര്‍ധിച്ച് 52.3 ബില്ല്യണ്‍ റിയാല്‍ ആയി ഉയര്‍ന്നു. ടിക്കറ്റില്‍ നിന്നുള്ള വരുമാനം 210 ശതമാനം വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷം 1.8 കോടി യാത്രക്കാര്‍ ഖത്തര്‍ എയര്‍വേസ് ഉപയോഗിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 218 ശതമാനം വര്‍ദ്ധനവാണിത്.
കോവിഡ് മൂലമുണ്ടായ അവസരങ്ങള്‍ മുതലെടുത്തതും നൂതനമായ ആശയങ്ങളും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുമാണ് ഏറ്റവും ഉയരത്തില്‍ പറക്കാന്‍ കമ്പനിയെ സഹായിച്ചതന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.