നിലപാടുകളുടെ രാജകുമാരന്‍
അമാനുല്ല വടക്കാങ്ങര
പ്രാദേശികവും അന്തര്‍ ദേശീയവുമായ വിഷയങ്ങളില്‍ തന്റേടമുള്ള നിലപാടുകള്‍ക്ക് ശ്രദ്ധേയനായ ഭരണാധികാരിയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി . ധീരവും നീതിയുക്തവുമായ നിലപാടുകളും സമീപനങ്ങളും പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം ജിദ്ദ സെക്യൂരിറ്റി ആന്റ് ഡവലപ്‌മെന്റ് ഉച്ചകോടിയിലെ അമീറിന്റെ പ്രസംഗവും ശ്രദ്ധേയമാകുന്നത് വ്യക്തവും ശക്തവുമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് .
മധ്യ പൗരസ്ത്യ ദേശത്ത് ശാന്തിയും സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഇസ്രായേല്‍ അന്താരാഷ്ട്ര നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുകയും അധിനിവേശം അവസാനിപ്പിക്കുകയും വേണമെന്ന് തുറന്നടിച്ച ഖത്തര്‍ അമീറിന്റെ ആര്‍ജവമുള്ള വാക്കുകള്‍ പ്രശ്‌ന പരിഹാരത്തിന്റെ പ്രായോഗിക കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള തീരുമാനങ്ങളും വ്യവസ്ഥകളും ഇസ്രായേല്‍ അംഗീകരിക്കണം. സംഘര്‍ഷങ്ങള്‍ എല്ലാവര്‍ക്കും അസ്വസ്ഥത മാത്രമേ സൃഷ്ടിക്കുകയുള്ളൂ. ആരും നിയമത്തിന് അതീതരല്ലെന്നും സംവാദങ്ങളിലൂടെ പരസ്പരം പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് സാംസ്‌കാരിക പ്രബുദ്ധതയെന്നും അമീറിന്റെ പ്രസംഗം അടയാളപ്പെടുത്തുന്നു.
പരസ്പര സ്‌നേഹ ബഹുമാനങ്ങളും സഹകരണവുമാണ് ആധുനിക ലോകത്തിനാവശ്യം. ഉന്നതമായ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ലോകത്തിന്റെ സമഗ്ര പുരോഗതിക്കായി ഒറ്റക്കെട്ടായി മുന്നേറണമെന്ന ആഹ്വാനത്തിന് സമകാലിക ലോകത്ത് പ്രസക്തിയേറെയാണ് .