തൊഴിലന്വേഷകര്‍ക്ക് ദിശാബോധം പകര്‍ന്ന് കള്‍ച്ചറല്‍ ഫോറം വര്‍ക്ക്‌ഷോപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: തൊഴിലന്വേഷകര്‍ക്കും ജോലി മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്കും ദിശാ ബോധവും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കി കള്‍ച്ചറള്‍ ഫോറം സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പ്. തൊഴിലന്വേഷകരുടെ അടിസ്ഥാന ആവശ്യമായ ബയോഡാറ്റ ആകര്‍ഷണീയമാക്കുക എന്ന ലക്ഷ്യത്തോടെ ‘ക്രിയേറ്റ് എ സക്‌സസ്ഫുള്‍ സി.വി’ എന്ന തലക്കെട്ടില്‍ നടന്ന പരിശീലന പരിപാടിക്ക് പ്രമുഖ ട്രെയിനര്‍ സിറജുല്‍ ഹസന്‍ നേതൃത്വം നല്‍കി.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴില്‍ തേടി ധാരാളം ആളുകളാണ് ഖത്തറിലേക്കെത്തിക്കൊണ്ടിരിക്കുന്നതെന്നും കഴിവും യോഗ്യതയും ഉള്ളവര്‍ പോലും ആവശ്യമായ മുന്നൊരുക്കങ്ങളില്ലാത്തതിനാല്‍ നല്ല പദവികളില്‍ എത്തിപ്പെടാതെ പോകുന്ന അവസ്ഥയുണ്ടെന്നും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും തൊഴിലന്വേഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനുമാണ് കള്‍ച്ചറല്‍ ഫോറം ഇത്‌പോലുള്ള വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം മാനവ വിഭവശേഷി വകുപ്പ് അംഗങ്ങളായ ഹാരിസ് എഗരത്ത്, റമീസ് തിടില്‍, അലി കണ്ടാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.