
ഖത്തറില്‍ പുതിയ വാഹന രജിസ്‌ട്രേഷനില്‍ ഗണ്യമായ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പുതിയ വാഹന രജിസ്‌ട്രേഷനില്‍ ഗണ്യമായ വര്‍ദ്ധന. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 6,535 ആയിരുന്നു, 2021 ലെ അതേ മാസത്തെ അപേക്ഷിച്ച് 39.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഖത്തറില്‍ ഷോറൂമുകളില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ലഭ്യമല്ലെന്ന സ്ഥിതിയാണെന്ന് ചില റെന്റ് ഏ കാര്‍ ഉടമകള്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 4,574 ആയിരുന്നു. മൊത്തം പുതിയ വാഹനങ്ങളുടെ 70 ശതമാനമാണിത്. ഇത് വാര്‍ഷിക അടിസ്ഥാനത്തില്‍ 45.1 ശതമാനം വര്‍ധനയും പ്രതിമാസ അടിസ്ഥാനത്തില്‍ 2.9 ശതമാനം ഇടിവും രേഖപ്പെടുത്തി.
സ്വകാര്യ മോട്ടോര്‍സൈക്കിളുകളുടെ രജിസ്‌ട്രേഷന്‍ 2022 മെയ് മാസത്തില്‍ 685 ആയിരുന്നു.
കൂടുതല്‍ കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുവെന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.