Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഉദ്ഘാടനം സെപ്തംബര്‍ 2-ന്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഉദ്ഘാടനം സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകു: 6:30 ന് തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാനി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മര്‍യം യാസീന്‍ അല്‍-ഹമ്മാദി പരിപാടി ഉല്‍ഘാടനം ചെയ്യും. അറബ് ഗ്രന്ഥകാരന്മാരുടെ വേദിയായ ഖത്തരീ ഫോറം ഫോര്‍ ഓതേഴ്‌സ് പ്രസിഡന്റ് ആയിശ അല്‍-കുവാരി ഫോറം ലോഞ്ചിംഗ് പ്രഖ്യാപനം നടത്തും. കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രസാധന വിഭാഗം മേധാവി മുഹമ്മദ് ഹസന്‍ അല്‍-കുവാരി, ഖത്തരീ ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിക്കും. ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ.സി അധ്യക്ഷത വഹിക്കും.

ഖിയാഫ് അംഗങ്ങള്‍ രചിച്ച 6 പുതിയ പുസ്തകങ്ങളും രണ്ട് പുസ്തകങ്ങളുടെ കവര്‍ചിത്രങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും. ചെറുകാട് അവാര്‍ഡ് നേടിയ ഷീലാ ടോമിയുടെ വല്ലി എന്ന നോവലിന്റെ ഇംഗ്‌ളീഷ് വിവര്‍ത്തനം, റഷീദ് കെ. മുഹമ്മദിന്റെ നോവല്‍ ഒറ്റക്കൊരാള്‍, ഷംല ജഅ്ഫറിന്റെ കവിതാസമാഹാരം കടന്നലുകള്‍ പെരുകും വിധം, ഹുസൈന്‍ കടന്നമണ്ണയുടെ യാത്രാവിവരണം ദേശാന്തരങ്ങളില്‍ കൗതുകത്തോടെ, ഡോ. സാബു കെ.സി.യുടെ കേന്ദ്രന്‍ (ഇംഗ്ലീഷ് വിവര്‍ത്തനം), അദ്ദേഹത്തിന്റെ തന്നെ എഡ്യൂക്കേഷന്‍ ആന്റ് മോഡേണിറ്റി തുടങ്ങിയവ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളില്‍ പെടുന്നു.

കാനം ഇ.ജെ. അവാര്‍ഡ് ജേതാവും ഖിയാഫ് പ്രസിഡന്റുമായ ഡോ. സാബു കെ.സി, ചെറുകാട് അവാര്‍ഡ് ജേതാവും ഖിയാഫ് വൈസ് പ്രസിഡന്റുമായ ഷീലാ ടോമി, കെ. തായാട്ട് ബാലസാഹിത്യ അവര്‍ഡ് ജേതാവും ഖിയാഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ മഹ്‌മൂദ് മാട്ടൂല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഖിയാഫിന്റെ മുഴുവന്‍ വിവരങ്ങളും വാര്‍ത്തകളും അംഗങ്ങളുടെ രചനകളും ഫോട്ടോ ഗാലറിയും മറ്റു വിശദാംശങ്ങളുമുള്‍ക്കൊള്ളുന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടക്കും. ഖിയാഫ് സിഗ്‌നേച്ചര്‍ സോംഗിന്റെ പ്രകാശനം ചടങ്ങിലെ മറ്റൊരിനമാണ്. ഖിയാഫ് അംഗം റഷീദ് കെ. മുഹമ്മദിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീതജ്ഞന്‍ റഹ്‌മത്തുല്ല പാവറട്ടി ഈണം നല്‍കിക്കൊണ്ടുള്ളതാണ് സിഗ്‌നേച്ചര്‍ സോംഗ്.

ഇളം പ്രായത്തില്‍ ഗ്രന്ഥങ്ങളെഴുതി ഗിന്നസ് റിക്കോര്‍ഡില്‍ ഇടം നേടിയ ഖത്തറിലെ പ്രവാസി എഴുത്തുകാരി ലൈബ അബ്ദുല്‍ബാസിതിനും മറ്റൊരു കൊച്ചു ഗ്രന്ഥകാരനായ ജ്വാക്കിന്‍ സനീഷിനും ഖിയാഫില്‍ അംഗത്വം നല്‍കി ആദരിക്കും. അന്‍വര്‍ ബാബു വടകര, തന്‍സീം കുറ്റ്യാടി, അന്‍സാര്‍ അരിമ്പ്ര, ശ്രീകല, ഷംന അസ്മി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലപാരിപടികള്‍ അരങ്ങേറും.

ലോഞ്ചിംഗ് പരിപാടിയുടെ വിജയത്തിനായി പതിനഞ്ചംഗ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

ഖത്തറിലെ ഇന്ത്യക്കാരായ ഗ്രന്ഥകാരന്മാരുടെ പൊതുവേദിയാണ് ഖിയാഫ്. മലയാളീ എഴുത്തുകാര്‍ മുന്‍കയ്യെടുത്ത് ഒരു വര്‍ഷം മുമ്പ് രൂപം നല്‍കിയ ഫോറത്തില്‍ നിലവില്‍ എഴുപത്തിയഞ്ചോളം അംഗങ്ങളുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ.സി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ട്രഷറര്‍ സലീം നാലകത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് മടിയാരി, അന്‍സാര്‍ അരിമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button