ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ മര്യാദയോടെ പെരുമാറണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ മര്യാദയോടെ പെരുമാറണമെന്നും ആക്രമം കാണിക്കരുതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനി ആവശ്യപ്പെട്ടു.
പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഫുട്ബോള്‍ മത്സര വേദികളില്‍ ആരാധകര്‍ സൃഷ്ടിക്കുന്ന അരാജകത്വവും അക്രമവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും മാന്യമായ കായിക മല്‍സരമാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചാനല്‍ ന്യൂസ് ഏഷ്യയുമായുള്ള അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ലോകകപ്പ് ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വലിയ ഫുട്ബോള്‍ ആഘോഷമാണ്. അതിന്റെ എല്ലാ വികാരങ്ങളും ഉള്‍കൊള്ളുന്നു. ഖത്തറിലെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ ടൂര്‍ണമെന്റൊരുക്കമമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരും ദോഹയില്‍ വന്ന് രാജ്യത്തെ ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളും വികസന പദ്ധതികളും കാണുകയും ഞങ്ങളുടെ അറേബ്യന്‍ ആതിഥ്യമര്യാദയുടെ ഊഷ്മളത അനുഭവിച്ചറിയുകയും ചെയ്യുക. വിദേശകാര്യ മന്ത്രി പറഞ്ഞു.
ചാനലിന്റെ ഭാഗത്തുനിന്നുമുയര്‍ന്ന ഫുട്ബാള്‍ ഗുണ്ടായിസം ഖത്തര്‍ എങ്ങിനെ നേരിടും എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘ഖത്തര്‍ വളരെ സമാധാനപരമായ ഒരു രാജ്യമാണ്. ഈ സമാധാനാന്തരീക്ഷം കാണുമ്പോള്‍ അക്രമം കാണിക്കാന്‍ ഉദ്ദേശിക്കുന്നവരും ശാന്തരാകും. അതേസമയം ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അരാജകത്വവും അക്രമവും ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ഖത്തര്‍ പലപ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനി ഓര്‍മിപ്പിച്ചു.