ലുസൈല്‍ സൂപ്പര്‍ കപ്പ് ആവേശം മുറുകി, ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതം നേടി അല്‍ ഹിലാലും സമാലികും
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ക്ക് ആവേശമായി ലുസൈല്‍ സൂപ്പര്‍ കപ്പ് . ഫിഫ 2022 കലാശപ്പോരാട്ടമടക്കം ലോകകപ്പിന്റെ നിരവധി മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന ലോകോത്തര സ്‌റ്റേഡിയമായ ലുസൈല്‍ സ്‌റ്റേഡിയത്തിലെ നിറഞ്ഞ വേദിയില്‍ സൗദി ക്‌ളബ്ബ് ചാമ്പ്യന്മാരായ അല്‍ ഹിലാലും ഈജ്പ്ത്യന്‍ ചാമ്പ്യന്മാരായ സമാലികും തമ്മിലുള്ള ആവേശകരമായ പോരാട്ടം നടക്കുന്നു. തുടക്കം മുതലേ ഇരു ടീമുകളും പൊരുതികളിക്കുന്നതിനാല്‍ ഏറെ ആവേശത്തോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ മല്‍സരം വീക്ഷിക്കുന്നത്.
കളിയുടെ പതിനെട്ടാം മിനിറ്റില്‍ സൗദിയ ക്‌ളബ്ബിന്റെ ഓഡിയന്‍ ഇഗലോ ഈജിപ്തിന്റെ വലകുലുക്കിയതോടെ കളിയുടെ ആവേശം മുറുകി. മുപ്പത്തി മൂന്നാം മിനിറ്റില്‍ ഈജ്പ്ത്യന്‍ സമാലികിന്റെ അഹ് മദ് സിസോ ഗോള്‍ മടക്കിയതോടെ വീറും വാശിയുമേറിയ മല്‍സരത്തിനാണ് ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ് .
മല്‍സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ 80,000 ശേഷിയുള്ള സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. പ്രശസ്ത ഈജിപ്ത്യന്‍ ഗായകന്‍ അമര്‍ ദിയാബിന്റെ സംഗീതമേള കായിക പ്രേമികളെ ആവേശഭരിതരാക്കി. അര മണിക്കൂര്‍ നീണ്ട സംഗീത കച്ചേരിക്ക് ശേഷമാണ് കളിയാരംഭിച്ചത്.