ഖത്തര്‍ എനര്‍ജിയുടെ പേരില്‍ തട്ടിപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എനര്‍ജിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. ഖത്തര്‍ എനര്‍ജിയുടെ ലോഗോയും സീലും കോപ്പി ചെയ്ത് വെണ്ടര്‍മാര്‍ക്ക് ഇ.ഒഐ ( എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് )ക്ക് വേണ്ടി റീഫണ്ടബിള്‍ ഡെപ്പോസിറ്റ് അടക്കാനവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം മെയില്‍ വന്നത്. രജിസ്റ്റര്‍@വെണ്ടേര്‍സ്ഖത്തര്‍എനര്‍ജിഡോട്ട്‌കോം എന്ന ഇമെയില്‍ നിന്നാണ് സന്ദേശമെത്തിയത്. സാധാരണഗതിയില്‍ ടെണ്ടറുകള്‍ക്ക് ഡെപ്പോസിറ്റ് ആവശ്യമാണെന്നതിനാലും ഔദ്യോഗിക ഫോര്‍മാറ്റിലായിരുന്നു സന്ദേശമെന്നതിനാലും വഞ്ചിക്കപ്പെടുവാന്‍ സാധ്യതയേറെയായിരുന്നു.
ഖത്തര്‍ എനര്‍ജിയുടെ ദോഹ ബ്രാഞ്ചിലെ കൊമേര്‍സ്യല്‍ ബാങ്ക് എക്കൗണ്ടിലേക്ക് ഇലക്‌ട്രോണിക് ട്രാന്‍സഫറായി പണമടക്കാനാണ് ആവശ്യപ്പെട്ടത്.
15850 ഡോളര്‍ അടക്കണമെന്നാണ് തനിക്ക് മെയില്‍ വന്നതെന്ന് ഒരു സംരംഭകന്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു. സാധാരണ ടെണ്ടറുകളില്‍ പങ്കെുക്കുകയും ഡെപ്പോസിറ്റ് അടക്കുകയും ചെയ്യാറുള്ളതിനാല്‍ സംശയമൊന്നും തോന്നിയില്ല. എന്നാല്‍ ഡോളറിന് തത്തുല്യമായ റിയാല്‍ എഴുതിയിടത്ത് ഖത്തര്‍ റിയാല്‍ എന്നതിന് പകരം യു.എ.ഇ. ദിര്‍ഹം ( എഇഡി) എന്നാണ് ഉണ്ടായിരുന്നത്. ഖത്തര്‍ എനര്‍ജി ഒരിക്കലും ഖത്തറിലുളള ലോക്കല്‍ വെണ്ടര്‍മാരോട് യു.എ.ഇ. ദിര്‍ഹം ആവശ്യപ്പെടില്ലെന്ന തിരിച്ചറിവില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് ബോധ്യമായത്.