ഖത്തറിലെ എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലായി 100 ക്ലിനിക്കുകള്‍ ലഭ്യമാകും
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പ് സമയത്ത് കളി നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലായി 100 ക്ലിനിക്കുകള്‍ ഉറപ്പാക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തിലെ സുപ്രീം ഹെല്‍ത്ത് കെയര്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിറ്റി ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറുമായ അലി അബ്ദുല്ല അല്‍-ഖാതര്‍ പറഞ്ഞു. പുറമെ ഫാന്‍ സോണുകളിലും ഫാന്‍സ് വില്ലേജുകളിലും ക്ലിനിക്കുകള്‍ ഉണ്ടാകുമെന്നും അല്‍ഖാതര്‍ സ്ഥിരീകരിച്ചു.
രോഗിക്ക് അടിയന്തിരമായ മെഡിക്കല്‍ സേവനം ആവശ്യമാണെങ്കില്‍, ആംബുലന്‍സ് സേവനങ്ങള്‍ രോഗിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സേവനം, അടിയന്തിര പരിചരണ യൂണിറ്റുകള്‍, പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിലെ അത്യാഹിത വിഭാഗങ്ങള്‍ എന്നിവ മെഡിക്കല്‍ സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് പൂര്‍ണ്ണമായും സജ്ജമായിരിക്കും.
പരിചയസമ്പന്നരായ ഹെല്‍ത്ത് കെയര്‍ കേഡറുകള്‍ അടങ്ങുന്ന സംയോജിത മെഡിക്കല്‍ ടീമുകളെ ഫാന്‍ വില്ലേജുകള്‍ക്ക് നല്‍കുമെന്നും അവര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സദാസമയവും മെഡിക്കല്‍ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുമെന്നും അല്‍-ഖാതര്‍ കൂട്ടിച്ചേര്‍ത്തു.ലോക കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ സന്നദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.