ഖത്തര്‍ വിമാനത്താവളങ്ങളില്‍ പ്രധാനമന്ത്രിയുടെ പരിശോധന പര്യടനം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും (എച്ച്‌ഐഎ), ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും പരിശോധന പര്യടനം നടത്തി. ഫിഫ 2022 ലോകകപ്പ് ഖത്തറിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തലായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം.
ലോകകപ്പ് ടൂര്‍ണമെന്റിന്റെ പ്രേക്ഷകരെയും രാജ്യത്തെ അതിഥികളെയും സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍, അവയുടെ യൂട്ടിലിറ്റികള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ചാണ് പ്രധാന മന്ത്രി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പര്യടനം ആരംഭിച്ചത്.
ടെര്‍മിനലുകളിലെ പ്രവര്‍ത്തന സംവിധാനത്തെക്കുറിച്ചും അവയുടെ ശേഷിയെക്കുറിച്ചും, അവിടെ ഉപയോഗിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹം ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പര്യടനം നടത്തിയത്. അവിടെ അദ്ദേഹം വിമാനത്താവളത്തിന്റെ ഒരുക്കങ്ങളും ലോകകപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാണികളുടെ വരവ് സുഗമമാക്കുന്നതിന് സ്വീകരിച്ച നടപടികളും പരിശോധിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു