ദോഹയില്‍ ബി12 ബീച്ച് ക്ലബ് സ്ഥാപിക്കുന്നതിന് ഖത്തര്‍ ടൂറിസം അയ് ല ഒയാസിസ് ഡെവലപ്മെന്റ് കരാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി മറ്റൊരു ലോകോത്തര ആകര്‍ഷണം കൂടി ചേര്‍ത്തുകൊണ്ട്, ദോഹയുടെ ഹൃദയഭാഗത്ത് ഏറ്റവും പുതിയ ബി12 ബീച്ച് ക്ലബ് സ്ഥാപിക്കുന്നതിന് ഖത്തര്‍ ടൂറിസം ജോര്‍ഡാനിലെ അയ്ല ഒയാസിസ് ഡെവലപ്മെന്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
അടുത്ത മാസം പകുതിയോടെ തുറക്കാന്‍ സജ്ജമായ, ബി 12 ബീച്ച് ക്ലബ് ഒരു കുടുംബ-സൗഹൃദ ബീച്ച് ക്ലബ്ബാണ്, അത് ജല, കായിക പ്രവര്‍ത്തനങ്ങള്‍, അസാധാരണമായ ഡൈനിംഗ് ഓപ്ഷനുകള്‍, പ്രീമിയം സേവനങ്ങള്‍, വിനോദം എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഖത്തര്‍ ടൂറിസത്തെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ ഏറ്റവും വലിയ അഭിനിവേശങ്ങളിലൊന്ന് ഖത്തറിനെ കണ്ടെത്താന്‍ ടൂറിസ്റ്റുകളെ സഹായിക്കുകയെന്നതാണ് . അയ്ലയുമായുള്ള പങ്കാളിത്തം ഈ രംഗത്ത് സഹായകമാകുമെന്നും ഖത്തറിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ഒക്ടോബറില്‍ ആരംഭിക്കുന്ന ബി 12 ബീച്ച് ക്ലബ് ദോഹ, ഖത്തറിന്റെ ലോകകപ്പ് സന്ദര്‍ശകര്‍ക്ക് ചടുലമായ ബീച്ചുകള്‍, ഖത്തറി കലാകാരന്മാരുടെ ഗ്രാഫിറ്റി ആര്‍ട്ട് അവതരിപ്പിക്കുന്ന ബൊഹീമിയന്‍ ഇന്റീരിയറുകള്‍, എല്ലാ പ്രായത്തിലുമുള്ള അതിഥികളെയും സ്വാഗതം ചെയ്യുന്ന വിവിധ വിനോദ പരിപാടികള്‍ എന്നിവയിലൂടെ സവിശേഷമായ അനുഭവം പ്രദാനം ചെയ്യും.
40,000 മീറ്റര്‍ പ്രീമിയം ബീച്ച്ഫ്രണ്ടിനെ അഭിമുഖീകരിക്കുന്ന കുടുംബ-സൗഹൃദ ബീച്ച് ക്ലബില്‍ അസാധാരണമായ ആതിഥ്യവും രുചി വൈവിധ്യങ്ങളുളള ഇന്‍ഡോര്‍ റെസ്റ്റോറന്റ്, വാട്ടര്‍, ബീച്ച് വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
2022ലെ ഫിഫ ലോകകപ്പ് ഖത്തറിനോടനുബന്ധിച്ച് ബി12 ബീച്ച് ക്ലബ് ദോഹ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാതരം സന്ദര്‍ശകര്‍ക്കും സവിശേഷമായ അനുഭവം സമ്മാനിക്കുമെന്നും അയ്ല മാനേജിംഗ് ഡയറക്ടര്‍ സഹല്‍ ദുഡിന്‍ പറഞ്ഞു. പ്രാദേശിക സമൂഹത്തിനും വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ ആകര്‍ഷകമാകുന്ന പരിപാടികളായിരിക്കും ബി12 ബീച്ച് ക്ലബ് ദോഹ അവതരിപ്പിക്കുക.