‘മുസ്‌ലിം ന്യൂനപക്ഷ സമൂഹങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതവിധികള്‍’ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ബഹുസ്വര സമൂഹങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷമായി ജീവിക്കുന്ന വ്യത്യസ്ത മുസ് ലിം സമൂഹങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതവിധികള്‍ പ്രതിപാദിക്കുന്ന കൃതികള്‍ക്ക് സമകാല സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ് യുദ്ദീന്‍ അല്‍ ഖുറദാഗി അഭിപ്രായപ്പെട്ടു. . ഈയിടെ അന്തരിച്ച ലോക പ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി അധ്യക്ഷനായിരുന്ന യൂറോപ്യന്‍ ഫത് വാ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുകയും ഖത്തറിലെ മലയാളി ഗ്രന്ഥകാരന്മാരായ എം.എസ്.എ റസാഖും ഹുസൈന്‍ കടന്നമണ്ണയും ചേര്‍ന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നിര്‍വ്വഹിക്കുകയും ചെയ്ത ”മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതവിധികള്‍” എന്ന കൃതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് ലോകത്തിന് പുറത്ത് വിവിധ വന്‍കരകളില്‍ ന്യൂനപക്ഷ സമൂഹങ്ങളായി ജീവിക്കുന്ന മുസ് ലിംകള്‍ തങ്ങളുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിച്ചു കൊണ്ടു തന്നെ പൊതു സമൂഹത്തിന്റെയും മുഖ്യധാരയുടെയും ഭാഗമായി, സൗഹൃദത്തോടും സഹിഷ്ണുതയോടും ജീവിക്കാനാവശ്യമായ അധ്യാപനങ്ങളാണ് കൃതിയുടെ ഉള്ളടക്കം. പൊതുസമൂഹത്തില്‍ ലയിച്ചു കൊണ്ടു തന്നെ തങ്ങളുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളില്‍ മതാധ്യാപനങ്ങളില്‍ അധിഷ്ഠിതമായ ജീവിതം എങ്ങനെ സാധ്യമാകുമെന്ന് കൃതി വിശദീകരിക്കുന്നു.
ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്‌മദ് ഗ്രന്ഥം ഏറ്റുവാങ്ങി. ശൈഖ് ഖറദാവിയുടെ അധ്യക്ഷതയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം പണ്ഡിതന്മാര്‍ അംഗങ്ങളായ ഫത് വാ കൗണ്‍സില്‍ വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്കും വിചിന്തനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ ഫത്‌വകളുടെയും തീരുമാനങ്ങളുടെയും സമാഹാരമാണ് കൃതി. ഡോ. യൂസുഫുല്‍ ഖറദാവിയുടെ പ്രൗഡമായ ആമുഖം ഗ്രന്ഥത്തിന്റെ തിലകച്ചാര്‍ത്താണ്.
ദോഹയിലെ പോഡാര്‍ പേള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഖറദാവി അനുസ്മരണ സമ്മേളനത്തിനിടെ നടന്ന പ്രകാശന ചടങ്ങില്‍ സി.ഐ.സി ആക്ടിംഗ് പ്രസിഡന്റ് കെ.സി. അബ്ദുല്ലതീഫ്, ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, കേരള കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, എഫ്.സി.സി. സാരഥി ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി, പി.പി. അബ്ദുറഹീം, യാസിര്‍ ഇല്ലത്തൊടി തുടങ്ങിയവര്‍ സംബന്ധിച്ചു. സി.ഐ.സിക്കു കീഴിലെ ‘സെന്റര്‍ ഫോര്‍ സ്റ്റഡീസ് & റിസേര്‍ച്ച് ദോഹ’ (സി.എസ്.ആര്‍.ഡി) പ്രസാധകരായ കൃതിയുടെ വിതരണാവകാശം ഐ.പി.എച്ചിനാണ്.