Archived Articles

ഇന്ത്യ കപ്പ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയികളെ ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഖത്തറിലെ അത്ലന്‍ സ്പോര്‍ട്സ് ഇവന്റ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്ത്യ കപ്പ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 12 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 382 കളിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മല്‍സര വിജയികളെ അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആദരിച്ചു.


ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ഇതിഹാസം പത്മഭൂഷണ്‍ പുല്ലേല ഗോപിചന്ദ് വിശിഷ്ടാതിഥിയായിരുന്നു. ഖത്തറിലെ അത്ലന്‍ സ്പോര്‍ട്സ് അക്കാദമിയുടെയും ഇന്ത്യയിലെ ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയുടെയും പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നേടുന്ന യുവതാരങ്ങളെയും കഴിവുറ്റ കളിക്കാരെയും കണ്ടെത്തുന്നതിനായി ഗോപിചന്ദിന്റെ മേല്‍നോട്ടത്തില്‍ ഒരു ബാഡ്മിന്റണ്‍ ടാലന്റ് ഹണ്ടും നടന്നു.


നൈജീരിയന്‍ അംബാസഡര്‍ ഡോ. യാക്കൂബു അബ്ദുല്ലാഹി അഹമ്മദ്, ഇന്തോനേഷ്യന്‍ അംബാസഡര്‍ റിദ്വാന്‍ ഹസന്‍, ഖത്തര്‍ ബാഡ്മിന്റണ്‍ അസോസിയേഷനിലെ ദേശീയ ബാഡ്മിന്റണ്‍ അസിസ്റ്റന്റ് മേധാവി ഡോ. ഇബ്രാഹിം അല്‍ ഖുലൈഫി, അല്‍ അറബി സ്പോര്‍ട്സ് ക്ലബ് വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിം അല്‍ കുവാരി, ഖത്തര്‍ നാഷണല്‍ വോളിബോള്‍ ടീം മാനേജര്‍ സയ്യിദ് ജുബല്‍ അല്‍ ഹിത്മി എന്നിവര്‍ സംബന്ധിച്ചു.


പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച പുല്ലേല ഗോപിചന്ദ്, പരിപാടിയുടെ ഭാഗമാകാനും ടൂര്‍ണമെന്റില്‍ യുവപ്രതിഭകള്‍ തങ്ങളുടെ കളികള്‍ പ്രകടിപ്പിക്കുന്നതും കാണുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. ”കുട്ടികള്‍ കളിക്കുന്നതും തങ്ങളെത്തന്നെ വളര്‍ത്താന്‍ പരിശ്രമിക്കുന്നതും കാണുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നും തരുന്നില്ല. സ്പോര്‍ട്സിലൂടെ ലഭിച്ച പാഠങ്ങള്‍ വളരെ വലുതാണ്. നമ്മള്‍ ഓരോരുത്തരും സ്വയം സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടണമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. തന്റെ പുതിയ ബാഡ്മിന്റണ്‍ അക്കാഡമിക്ക് ‘ഭാവിയില്‍ വിലപ്പെട്ട കളിക്കാരെ സൃഷ്ടിക്കാനാകുുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെയും  ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ചീഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫീസറുമായ ക്യാപ്റ്റന്‍ മോഹന്‍ അറ്റ്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഐഎസ്സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളാണ് ഐഎസ്സി നടപ്പാക്കുന്നതെന്നും രാജ്യം ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് പൂര്‍ണപിന്തുണ നല്‍കുന്ന പരിപാടികള്‍ നടപ്പാക്കുമെന്നും ഊന്നിപ്പറഞ്ഞു.

ഇതിഹാസ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദിന്റെ ഒപ്പിട്ട ആത്മകഥയുടെ കോപ്പി പ്രമുഖര്‍ക്ക് സമ്മാനിച്ചു. പുതിയ ബാഡ്മിന്റണ്‍ അക്കാദമിയുടെ ജഴ്സിയും ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ പ്രകാശനം ചെയ്തു. ബിര്‍ള പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സാംസ്‌കാരിക പരിപാടി അവതരിപ്പിച്ചു.

ടൂര്‍ണമെന്റ് പരമ്പരയുടെ സമ്മാനങ്ങള്‍ പുല്ലേല ഗോപിചന്ദും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് വിതരണം ചെയ്തു. ഗെയിമുകളുടെ 28 വ്യത്യസ്ത വിഭാഗങ്ങളിലെ വിജയികള്‍ക്ക് 50,000 രൂപ മൂല്യമുള്ള സമ്മാനം നല്‍കി. ഇന്ത്യ, ശ്രീലങ്ക, ചൈന, പാകിസ്ഥാന്‍, ഉക്രെയ്ന്‍, ഈജിപ്ത്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങി ഖത്തറിലെ താമസിക്കുന്ന നിരവധി വിദേശികള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍  ബാഡ്മിന്റണ്‍ മേധാവി സഫീറു റഹ്‌മാന്‍ ഈ ടൂര്‍ണമെന്റിന്റെ എല്ലാ ക്രമീകരണങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു.

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍  ജനറല്‍ സെക്രട്ടറി ടി.എസ്. ശ്രീനിവാസ് നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!