Breaking News

ഖത്തറിലെ മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ടിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

 

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ടിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് . ഒരു റീഡിംഗ് റിലേയില്‍ ഏറ്റവും കൂടുതല്‍ ഭാഷകള്‍ ഉപയോഗിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഇന്നലെ മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട് സ്വന്തമാക്കിയത്.

ബുധനാഴ്ച വൈകീട്ട് ഏഴിനാണ് റെക്കോഡിനായുള്ള ഔദ്യോഗിക ശ്രമം ആരംഭിച്ചത്. എല്ലാവരും അവരുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150-ലധികം പങ്കാളികള്‍ 55 വ്യത്യസ്ത ഭാഷകളില്‍ അന്റോയിന്‍ ഡി സെന്റ്-എക്സുപെറിയുടെ’ദി ലിറ്റില്‍ പ്രിന്‍സ്’ കഥ പറഞ്ഞു കൊണ്ടാണ് ചരിത്രമെഴുതിയത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ശ്രമം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു, അന്നു രാത്രി തന്നെ ഫലം പ്രഖ്യാപിച്ചു.
ശ്രവണക്ഷമത, പങ്കാളികള്‍ക്കിടയില്‍ 10 സെക്കന്‍ഡില്‍ കൂടാത്ത ഇടവേളകള്‍, ലൈനുകളുടെ ശരിയായ ഡെലിവറി, ഭാഷകളുടെ ആവര്‍ത്തനങ്ങള്‍ തുടങ്ങിയ കണിശമായ വ്യവസ്ഥകളോടെയാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

ഒരു റീഡിംഗ് റിലേയില്‍ ഏറ്റവും കൂടുതല്‍ ഭാഷകള്‍ ഉപയോഗിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവായി മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അഡ്ജുഡിക്കേറ്റര്‍ പ്രവീണ്‍ പട്ടേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

രാത്രി മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിന്റെ കെട്ടിടത്തില്‍ ‘ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍’ ലോഗോ പ്രൊജക്റ്റ് ചെയ്തത് കൗതുകകരമായി. ശനിയാഴ്ച വരെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ലോഗോയുള്ള മ്യൂസിയം ബീം കാണാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവസരം ലഭിക്കും.

 

Related Articles

Back to top button
error: Content is protected !!