ഫിഫ 2022 ടിക്കറ്റ് കൗണ്ടര്‍ സെയില്‍ നാളെ മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ടിക്കറ്റ് കൗണ്ടര്‍ സെയില്‍ നാളെ മുതല്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. രണ്ട് ടിക്കറ്റിംഗ് സെന്ററുകളാണ് തുറക്കുക. നിലവില്‍ ലഭ്യമായ മാച്ചുകളുടെ ടിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം . ഫിഫ ലോകകപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കോളിന്‍ സ്മിത്ത് ഇന്ന് ദോഹയില്‍ നടന്ന ലോകകപ്പിന് ‘ഒരു മാസം എന്ന ശീര്‍ഷകത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തര്‍ 2022 ലോകകപ്പിനായി ഗൂഗിള്‍ പ്ലേയിലും ആപ്പ് സ്റ്റോറിലും ആപ്പിള്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തതായി ഫിഫ അറിയിച്ചു.
ഫിഫ 2022 ലോകകപ്പ് ആപ്പ് ഉപയോക്താക്കളെ ടിക്കറ്റ് ആക്സസ് ചെയ്യാനും അവരുടെ വിവരങ്ങള്‍ മാറ്റാനും കൈമാറ്റം ചെയ്യാനുമൊക്കെ സഹായിക്കും.
‘ടിക്കറ്റുകള്‍ വാങ്ങിയ ആരാധകര്‍ക്ക്, ടിക്കറ്റിംഗ് ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, അതിനാല്‍ നിങ്ങളുടെ മൊബൈല്‍ ടിക്കറ്റുകള്‍ എങ്ങനെ ആക്സസ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു ഇമെയില്‍ ഈ ആഴ്ച ലഭിക്കുമെന്ന് സ്മിത്ത് പറഞ്ഞു, ‘ മൊബൈല്‍ ടിക്കറ്റുകള്‍ ഹയ്യ കാര്‍ഡില്‍ നിന്ന് വ്യത്യസ്തമാണെന്നും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ രണ്ടും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡയറക്ടര്‍ ജനറല്‍, എന്‍ജിനീയര്‍ യാസിര്‍ അല്‍ ജമാല്‍, ഖത്തര്‍ 2022 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ ഖാതര്‍ എന്നിവരും പങ്കെടുത്തു.