ബാഗ്ദാദ് : “കണ്ണിന്റെ ആനന്ദം” പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പുതുതായി തുറന്ന ഖത്തറിലെ ഐകണിക് ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ ആരംഭിച്ച ‘ബാഗ്ദാദ്: ഐസ് ഡിലൈറ്റ്’ (ബാഗ്ദാദ് കണ്ണിന്റെ ആനന്ദം) എന്ന തലക്കെട്ടിലുള്ള പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദ്
നിര്‍വഹിച്ചു.
ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍ താനിയടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും നൂതനമായ കാലഘട്ടത്തില്‍ ബാഗ്ദാദിന്റെ മികച്ച പൈതൃകം ആഘോഷിക്കുന്ന പ്രദര്‍ശനം ഇറാഖിന്റെ തലസ്ഥാനത്തെ ഒരു രാഷ്ട്രീയ, സാമ്പത്തിക, ബൗദ്ധിക കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്നു.
ഇസ് ലാമിക ചരിത്രത്തിലെ അബ്ബാസി ഖലീഫമാരുടെ ( 750-1258) തലസ്ഥാനമെന്ന നിലയില്‍ ബാഗ്ദാദിന്റെ മഹത്തായ പൈതൃകം പ്രദര്‍ശനം വെളിപ്പെടുത്തുന്നതോടൊപ്പം എണ്ണയുടെ കണ്ടെത്തലോടെ നഗരം വീണ്ടും സമൃദ്ധിയുടെ ഒരു നവീന കാലഘട്ടം അനുഭവിച്ച ഇരുപതാം നൂറ്റാണ്ടും പ്രദര്‍ശവം അടയാളപ്പെടുത്തും.
അബ്ബാസി ഭരണകാലത്തെ ബാഗ്ദാദിലെ വ്യവസായവും വാണിജ്യവും ഇരുപതാം നൂറ്റാണ്ടിലെ ആധുനിക വ്യവസായത്തിന്റെ വികാസവും ഇത് പര്യവേക്ഷണം ചെയ്ത് ശക്തിയുടെയും പാണ്ഡിത്യത്തിന്റെയും സമ്പത്തിന്റെയും നഗരമെന്ന നിലയില്‍ ബാഗ്ദാദിന്റെ പങ്ക് എടുത്തുകാണിക്കുന്ന പ്രദര്‍ശനം നൂറ്റാണ്ടുകളിലുടനീളം ഒരു സാങ്കല്‍പ്പിക പര്യടനത്തിന് സന്ദര്‍ശകനെ കൊണ്ടുപോകുന്നു.
യുദ്ധവും നാശവും ഉണ്ടായിട്ടും – നഗരത്തെ വീണ്ടും വീണ്ടും അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമാക്കിയ നഗരത്തിന്റെ സാമൂഹിക ഘടന, അതിന്റെ കോസ്‌മോപൊളിറ്റന്‍ ജനസംഖ്യ, നിരവധി പാരമ്പര്യങ്ങള്‍ എന്നിവയിലൂടെയുള്ള സഞ്ചാരം ചരിത്രസമൃതികളുടെ പുനര്‍വായനക്കും സഹായകമാകും.
ലൂവ്രെ, മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ബെനകി മ്യൂസിയം, വത്തിക്കാന്‍, ബര്‍ജീല്‍ ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെ 22 ലോകപ്രശസ്ത സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത പുരാവസ്തുക്കള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോ ദൃശ്യങ്ങള്‍ മുതലായവ പ്രദര്‍ശനത്തിലുണ്ട്.
ഖത്തര്‍-മെനാസ 2022 സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം നടക്കുന്നത്.
ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ രാത്രി 7 വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് 1.30 മുതല്‍ രാത്രി 7 വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 44224444 എന്ന നമ്പറില്‍ ബന്ധപ്പെടാം.