ഷീല ടോമിയുടെ ആ നദിയോട് പേരു ചോദിക്കരുത് ഖത്തറിലെ പ്രകാശനവും ചര്‍ച്ചയും സഹൃദയ സദസ്സിന് വേറിട്ട അനുഭവമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ചെറുകാട് അവാര്‍ഡ് ജേതാവും സാഹിത്യകാരിയുമായ ഷീലാ ടോമിയുടെ രണ്ടാമത്തെ നോവലായ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും പുസ്തക ചര്‍ച്ചയും സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലെ നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവമായി. ഷീലാ ടോമി ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന്റെ നാള്‍വഴികളും എഴുത്തനുഭവങ്ങളും അടയാളപ്പെടുത്തി സംസാരിച്ചത് സദസ്സിനെ പുസ്തകത്തോടൊപ്പം സഞ്ചരിക്കാന്‍ സഹായിച്ചു.
സംസ്‌കൃതി പ്രതിമാസ സാഹിത്യ സദസ്സിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസ്‌കൃതി ഭാരവാഹികളുടെയും, മുന്‍ ഭാരവാഹികളുടെയും നോവലിസ്റ്റിന്റെയും സാന്നിദ്ധ്യത്തില്‍ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അര്‍ളയില്‍ ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡണ്ട് പി എന്‍ ബാബുരാജന് പുസ്തകം കൈമാറിയാണ് ഖത്തറിലെ പ്രകാശനം നിര്‍വ്വഹിച്ചത്.
ഷീല ടോമിയുടെ ആദ്യ നോവലായ വല്ലി ഇംഗ്‌ളീഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയും ജെസിബി പുരസ്‌കാരത്തിന്റെ ചുരുക്കപട്ടികയില്‍ ഇടംപിടിക്കുകയും ചെയ്ത സമയത്തുതന്നെയാണ് അവരുടെ രണ്ടാമത്തെ നോവലായ ആ നദിയോട് പേരു ചോദിക്കരുത് വായനക്കാരിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
പിറന്ന മണ്ണില്‍ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിന്റെയും പലായനത്തിന്റെയും കഥയാണ് ഈ നോവല്‍ പറയുന്നത് എന്നതിനാല്‍ മലയാളത്തിന്റെ അപ്പുറം ലോകം മുഴുക്കെ വായിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു രചനയാണിത്. മലയാളത്തിന് അപരിചിതമായ ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന തീക്ഷ്ണമായ രചനയെന്നാണ ആദ്യ വായനയില്‍ തന്നെ പുസ്തകം വിലയിരുത്തപ്പെടുന്നത്. യേശുവിന്റെ കാലം മുതല്‍ കോവിഡ് കാലം വരെയുള്ള മനുഷ്യ ചരിത്രത്തിലെ വേറിട്ട ചില കാല്‍പാടുകള്‍ ആ നദിയുടെ തീരത്ത് പതിഞ്ഞ് കിടക്കുന്നു.
പലായനത്തിന്റെ വെന്ത ഭൂമികകളുടെയും ആ ഭൂമിയോളം ഭാരമുള്ള മനസ്സുകളുമായി പൊള്ളിയോടുന്ന മനുഷ്യരുടേയും കഥ പറയുന്ന നോവല്‍ സഹൃദയ മനസ്സുകളെ പിടിച്ചുകുലുക്കും. കഥ തീരുമ്പോള്‍ വെന്തുലഞ്ഞ ഒരു ഹൃദയം ബാക്കിയായി നമ്മളും ആ നദിയുടെ ഒഴുക്കില്‍ അലിഞ്ഞുതീരും. പേരു ചോദിക്കാനില്ലാത്ത നദികള്‍ എല്ലാ നാട്ടിലും ഉണ്ട്. ഉള്ളുവെന്ത്, വിവേചനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട്, ജീവിതം നെഞ്ചോടുചേര്‍ത്ത് ദേശങ്ങളില്‍ നിന്ന് , വേരുകളില്‍നിന്ന്, ബന്ധങ്ങളെ ചേര്‍ത്തുപിടിക്കാനാവാതെ ‘നഫ്‌സി നഫ്‌സീ’ യെന്ന നിലവിളികള്‍ ഭൂമുഖമാകെ മുഴക്കിക്കൊണ്ട് പലായനം ചെയ്യുന്നവര്‍ എല്ലാ ദേശങ്ങളിലുമുണ്ട്. തിരസ്‌കരണത്തിന്റെ , പലായനത്തിന്റെ പൊള്ളുന്ന രാഷ്ട്രീയം കൂടി ഈ പുസ്തകം അടയാളപ്പെടുത്തുന്നു.
നോവലിന്റെ പ്രസക്തഭാഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ശബ്ദാവിഷ്‌കാരം പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. പി എന്‍ ബാബുരാജന്‍ , അഹമ്മദ് കുട്ടി, സംസ്‌കൃതി ആക്ടിങ് ജനറല്‍ സെക്രട്ടറി സാള്‍ട്ടസ് ജെ സാമുവല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
തുടര്‍ന്ന് ഇ എം സുധീര്‍ മോഡറേറ്ററായി പുസ്തക പരിചയവും നടന്നു . എഴുത്തുകാരന്‍ ശ്രീനാഥ് ശങ്കരന്‍ കുട്ടി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. സംസ്‌കൃതി വനിതാ വേദി പ്രസിഡണ്ട് പ്രതിഭ രതീഷ്, റഷി പനച്ചിക്കല്‍ എന്നിവര്‍ വായനാനുഭവം പങ്കുവെച്ചു. പൊതുചര്‍ച്ചയുടെ ഭാഗമായി സുഹാസ് പാറക്കണ്ടി, ശ്രീകല ജിനന്‍, അമ്പിളി സുനില്‍ പ്രഭ , സമീര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്‌കൃതി ആര്‍ട്‌സ് & കള്‍ച്ചറല്‍ വിഭാഗം കണ്‍വീനര്‍ ബിജു പി.മംഗലം സ്വാഗതവും, സംസ്‌കൃതി ട്രഷറര്‍ ശിവാനന്ദന്‍ നന്ദിയും പറഞ്ഞു. ഡിസി ബുക്‌സാണ് പ്രസാധകര്‍ .