Breaking News

2022 ഫിഫ ലോകകപ്പ് മികച്ചതും മാതൃകാപരവുമാകുമെന്ന് ഫിഫ പ്രസിഡണ്ട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അടുത്ത വര്‍ഷം ഖത്തര്‍ ആതിഥ്യമരുളുന്ന 2022 ഫിഫ ലോകകപ്പ് മികച്ചതും മാതൃകാപരവുമാകുമെന്ന് ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന 71-ാമത് ഫിഫ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പുകളുടെ ചരിത്രത്തിലും ഏറ്റവും മാതൃകാപരമായ പതിപ്പാകും ഖത്തറില്‍ നടക്കുക. തൊഴിലാളികള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഖത്തര്‍ 2022 ഫിഫ ലോക കപ്പ് അവിസ്മരണീയമാക്കുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു .

കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ഫിഫ ലോകകപ്പിന്റെ ഏറ്റവും മികച്ച പതിപ്പ് സംഘടിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി മുന്നോട്ട് വന്ന ഖത്തറില്‍ ഫിഫ പ്രസിഡന്റ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2022 ഫിഫ ലോകകപ്പ് വിജയകരമാക്കാന്‍ ഖത്തര്‍ നടത്തിയ മികച്ച തയ്യാറെടുപ്പുകള്‍ പ്രശംസനീയമാണ്. കാല്‍പന്തുകളിയാരാധകര്‍ക്കും ടീമുകള്‍ക്കും പ്രതിനിധികള്‍ക്കും ഖത്തര്‍ നല്‍കുന്ന കായിക-സേവന സൗകര്യങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സംഘാടന മികവിലും സൗകര്യങ്ങളുടെ നിലവാരത്തിലും ടൂര്‍ണമെന്റ് നടത്തിപ്പിലുമെല്ലാം ഖത്തര്‍ എഡിഷന്‍ അസാധാരണമാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് ഫിഫ ശ്രദ്ധിക്കുന്നുണ്ടെന്നും ഖത്തറിന്റെ ഓരോ നടപടികളും മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടതാണെന്നും ഫിഫ പൊതുസഭയിലെ അംഗങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇന്‍ഫാന്റിനോ വിശദീകരിച്ചു. 2021 അവസാനത്തോടെ ഫിഫ സംഘടിപ്പിക്കുന്ന അറബ് കപ്പില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

2022 ലെ ലോകകപ്പിന് ആതിഥ്യമരുളുന്നതിനുള്ള ഖത്തറിന്റെ സന്നദ്ധത എല്ലാവര്‍ക്കും കാണാനുള്ള അവസരമാകും അറബ് കപ്പ് നല്‍കുക.

ഓരോ രണ്ട ്‌വര്‍ഷവും ലോകകപ്പ് നടത്തണമെന്ന സൗദി ഫുട്ബോള്‍ ഫെഡറേഷന്‍ സമര്‍പ്പിച്ച നിര്‍ദേശം ഫിഫ പിന്തുണച്ചതായി ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. 188 അംഗങ്ങളില്‍ ഫിഫ കോണ്‍ഗ്രസിലെ 166 പേര്‍ ഈ ആശയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ ഈ നിര്‍ദ്ദേശത്തെ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. നിര്‍ദ്ദേശം പ്രായോഗികമായി പഠിച്ച്് അന്തിമ തീരുമാനത്തിലെത്തുമെന്ന് ഫിഫ പ്രസിഡണ്ട് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!