ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിനെ പിന്തുണയ്ക്കാന്‍ പ്രത്യേക പര്യടനവുമായി ആരാധകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിനെ പിന്തുണയ്ക്കാന്‍ പ്രത്യേക പര്യടനവുമായി ആരാധകര്‍. ഖത്തര്‍ നാഷണല്‍ ടീം ഫാന്‍ അസോസിയേഷനാണ് ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദോഹ കോര്‍ണിഷിലും സെന്‍ട്രല്‍ ദോഹയിലെ മഷീറബിലും ഒരു പ്രത്യേക ടൂര്‍ സംഘടിപ്പിച്ചത്.
നവംബര്‍ 20 ന് ഖത്തര്‍ ഇക്വഡോറിനെതിരെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം കളിക്കുക.
ഖത്തര്‍ ലെഗസി അംബാസഡര്‍ പ്രോഗ്രാമിന്റെ പ്രാദേശിക അംബാസഡര്‍മാരായ ആദില്‍ ഖാമിസ്, മുഹമ്മദ് സാദന്‍ അല്‍ കുവാരി, ഖാലിദ് സല്‍മാന്‍, പ്രാദേശിക മാധ്യമ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോര്‍ണിഷിലെ ഫ്‌ളാഗ് സ്‌ക്വയറില്‍ ഖത്തര്‍ ടീമിന്റെ ആരാധകര്‍ ഒത്തുകൂടിയാണ് പര്യടനം ആരംഭിച്ചത്.
ലോകകപ്പിലെ ടീമുകളുടെ മത്സരങ്ങളില്‍ സ്റ്റാന്‍ഡുകളില്‍ നിന്ന് കേള്‍ക്കുന്ന ഗാനങ്ങളും ദേശീയ ഗാനങ്ങളും ആരാധകര്‍ ആലപിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ ദോഹയില്‍ ഉദ്ഘാടനം ചെയ്ത പുതിയ കായിക, പൈതൃക സ്ഥലമായ മുഷൈറിബിലെ അല്‍ അന്നാബി വില്ലേജില്‍ ആരാധക മാര്‍ച്ച് സമാപിച്ചു.