ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മാനം. ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് കത്താറയില്‍ അനാച്ഛാദനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ : ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മാനം. ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് കത്താറയില്‍ അനാച്ഛാദനം ചെയ്തു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലക്ക് രാജ്യത്തോടുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിച്ചാണ് ആയിരങ്ങളെ സാക്ഷിനിര്‍ത്തി ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് കത്താറയില്‍ അനാച്ഛാദനം ചെയ്തത്. കതാറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ബിഗ് ബൂട്ട് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു.
കായിക മാമാങ്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും കാത്തു സൂക്ഷിക്കാന്‍ എന്നും സഹായകരമായിട്ടുണ്ടെന്ന് ഡോ. ദീപക് മിത്തല്‍ പറഞ്ഞു. 1948 ലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ബൂട്ടണിയാതെ കളിച്ചത് ചരിത്രസംഭവമാണ്. ആ ചരിത്രത്തെ കൂട്ടിയിണക്കി മധ്യ പൗരസ്ത്യ ദേശത്തെ ആദ്യത്തെ ലോകകപ്പിന് സമ്മാനമായി ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന പൊന്‍തൂവല്‍ ചേര്‍ത്തുവെക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ ഏറ്റവും വലിയ കലാസാംസ്‌കാരിക വിനോദ സഞ്ചാര മേഖലയായ കതാറയില്‍ വെച്ച് നടന്ന പരിപാടിയില്‍ കതാറ പബ്ലിക് ഡിപ്ലോമസി സി ഇ ഒ ദാര്‍വിഷ് അഹ്മദ് അല്‍ ഷെബാനി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍,ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിഗ് ബൂട്ടിന്റെ ക്യൂറേറ്ററുമായ എം ദിലീഫ്, ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷമീര്‍ വലിയവീട്ടില്‍, തുടങ്ങി ഖത്തറിലെ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
ചടങ്ങിനു മുന്നോടിയായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുത്ത വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ക്യൂ ഐ ഐ സി,വിവിധ ഫാന്‍ അസോസിയേഷനുകള്‍,വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ എന്നിവര്‍ നടത്തിയ വ്യത്യസ്തങ്ങളായ സാംസ്‌കാരിക പരിപാടികള്‍ കാഴ്ച്ചക്കാരെ ആഘോഷത്തിന്റെ വൈകാരിക തലങ്ങളിലേക്ക്് കൂട്ടിക്കൊണ്ടുപോയി.
ഒരു കായിക വിനോദം എന്ന നിലയില്‍ രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലുമുള്ള സാഹോദര്യത്തിന് ഫുട്‌ബോള്‍ നല്‍കുന്ന സംഭാവനകളെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഖത്തര്‍ നടത്തുന്ന പ്രയത്‌നങ്ങളോടുള്ള പിന്തുണ അറിയിക്കുകയും, ഇന്ത്യയും അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ബിഗ് ബൂട്ട് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റിന്റെ പ്രത്യേകിച്ച് ഖത്തറിന്റെ പേര് ഫുട്‌ബോള്‍ മത്സര ചരിത്രത്തിലെ വേറിട്ട ഓര്‍മ്മയായി നിലനിര്‍ത്താന്‍ വേണ്ടി ഖത്തര്‍ ചെയ്യുന്ന പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്താങ്ങുവാനും, നൂറ്റാണ്ടുകളുടെ ഫുട്‌ബോള്‍ പാരമ്പര്യമുള്ള ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ ഒരു സാംസ്‌കാരിക പരിശ്രമമാണ് ബിഗ് ബൂട്ട് പ്രദര്‍ശനം.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയും ക്യുറേറ്ററുമായ ആര്‍ട്ടിസ്റ്റ് എം ദിലീഫ് ആണ് ബൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ലെതര്‍, ഫൈബര്‍, റെക്‌സിന്‍, ഫോം ഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവയാല്‍ നിര്‍മ്മിച്ച ബിഗ് ബൂട്ടിനു പതിനേഴ് അടി നീളവും ഏഴ് അടി ഉയരവുമുണ്ടായിരിക്കു. ഇന്ത്യയില്‍ നിര്‍മ്മിച്ച ബൂട്ടിന്റെ ഡിസൈന്‍ ജോലികള്‍ ഖത്തറിലാണ് പൂര്‍ത്തീകരിച്ചത്.
ഫോക്കസ് ഇന്റര്‍നാഷണല്‍ സി എഫ് ഒ മുഹമ്മദ് റിയാസ്, ഇവന്റ്‌സ് ഡയറക്ടര്‍ അസ്‌കര്‍ റഹ്മാന്‍,ഖത്തര്‍ റീജിയണല്‍ സി ഇ ഒ ഹാരിസ് പി ടി എന്നിവര്‍ നേതൃത്വം നല്‍കി.